X

മണിപ്പുര്‍: സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; ഇതുവരെ അറസ്റ്റിലായത് 7 പേര്‍

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരായി നടത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ 19കാരനടക്കം ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് 2 മാസം പിന്നിട്ട ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ ആഭാവത്താല്‍ ആണെന്നാണ് മണിപ്പുര്‍ പൊലീസിന്റെ വിശദീകരണം. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്വമേധയാ ഇടപെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിപ്പുര്‍ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

തൗബാല്‍ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ് എന്ന ആളാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ഇതിന് പിന്നാലെ അരുണ്‍ സിങ്, ജിവാന്‍ എലങ്ബാം, തോംബ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 22ന് 19കാരനടക്കം 2 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ വെള്ളിയാഴ്ച പ്രതിഷേധക്കാര്‍ ഹെരോദാസ് സിങ്ങിന്റെ വീട് കത്തിച്ചിരുന്നു.

അതിനിടെ, മണിപ്പുരില്‍ കലാപം ആരംഭിച്ച ശേഷം കുക്കി വിഭാഗത്തിലെ ഏഴ് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായെന്ന് വിവിധ സംഘടനകള്‍ പറയുന്നു. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്‌നരാക്കി നടത്തുകയും ചെയ്ത സംഭവത്തിന്റെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സംഘടനകളുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, ഒരൊറ്റ ബലാത്സംഗം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വാദം. 6068 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അതില്‍ ഒന്ന് മാത്രമാണ് ബലാത്സംഗ കേസെന്നും അദ്ദേഹം ‘ഇന്ത്യ ടുഡേ’ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

 

webdesk13: