ഇംഫാല്‍: മണിപ്പൂരിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ആരോഗ്യമന്ത്രി ജയന്തകുമാര്‍ സിങ് രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസം ആകുന്നതിന് മുമ്പാണ് ഭരണകാര്യങ്ങളിലെ ഇടപെടലില്‍ പ്രതിഷേധിച്ച് നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവിന്റെ രാജി. മുഖ്യമന്ത്രി ബിരേന്‍ സിങ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനായി ഭുവനേശ്വറില്‍ ആയതുകൊണ്ട് മന്ത്രിയുടെ രാജിക്കത്ത് അദ്ദേഹം കൈപ്പറ്റിയിട്ടില്ല.
അധികാരത്തിനും മന്ത്രിപദത്തിനും തടസ്സമുണ്ടാവുന്ന പലരീതിയിലുള്ള ബാഹ്യ ഇടപെടലുകള്‍ ഉണ്ടാവുന്നതുകൊണ്ടാണ് രാജിയെന്ന് രാജിക്കത്തില്‍ പറയുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രാജിവെക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും ഇതിനോട് പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച്ച മുഖ്യമന്ത്രി തിരിച്ചുവന്നതിന് ശേഷമേ രാജിയുടെ കാര്യത്തില്‍ അന്തിമ തീരുമാമുണ്ടാകൂ.
60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 21സീറ്റുകളാണ് നേടിയിരുന്നത്. 33 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ടാണ് ബി.ജെ.പി മണിപ്പൂരില്‍ സര്‍ക്കാറുണ്ടാക്കിയത്. എന്നാല്‍ അധികാരത്തിലേറി ഒരുമാസമാകുമ്പോഴേക്കും ആരോഗ്യമന്ത്രി രാജിവെക്കുകയാണുണ്ടായത്. 26 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി.