മണിപ്പൂര്‍ ചുരാചന്ദ്പൂരിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകളും കടകളും അടച്ചു. മേഖലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. കഴിഞ്ഞദിവസം ഹമാര്‍, സോമി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന് ശേഷമുള്ള രണ്ട് ദിവസവും സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹമാര്‍ സമുദായത്തില്‍ നിന്നുള്ള ലാല്‍റോപുയി പഖ്ഹുവാങ്ടെ (51) കൊല്ലപ്പെട്ടു. ഹമാര്‍ ഗോത്രത്തിലെ ജനറല്‍ സെക്രട്ടറി റിച്ചാര്‍ഡ് ഹ്മറിനെ ഞായറാഴ്ച സോമി ജനത ആക്രമിച്ചതിനെത്തുടര്‍ന്നായിരുന്നു രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉടലെടുത്തത്.
അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുക്കി സമുദായത്തിലെ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.