X
    Categories: indiaNews

മണിപ്പൂര്‍ സംഘര്‍ഷം; അക്രമസംഭവങ്ങളുടെ വസ്തുത പരിശോധിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

മണിപ്പൂരില്‍ നടന്ന അക്രമസംഭവങ്ങളുടെ വസ്തുതാ പരിശോധനയ്ക്കായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഗവര്‍ണറുടെ നേത്യത്വത്തിലുള്ള സമാധാന സമിതി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും മുന്‍കൈ എടുക്കും. സുരക്ഷാ സേനകളുടെ ആയുധങ്ങള്‍ മോഷ്ടിച്ചവര്‍ ഉടന്‍തന്നെ അവ അധികൃതരെ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അതേസമയം മണിപ്പൂരിന്റെ മ്യാന്മര്‍ അതിര്‍ത്തി പ്രദേശങ്ങളായ മൊറേയിലും ഗാങ്‌പോകിലും സന്ദര്‍ശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പക്ഷേ സംസ്ഥാനം അശാന്തിയില്‍ തന്നെ. മൊറേയില്‍ ഗോത്രവര്‍ഗ വിഭാഗമായ കുക്കികളുടെ പ്രതിനിധി സംഘവുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചതായും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഒരു മാസത്തോളമായി വംശീയ ഏറ്റുമുട്ടല്‍ തുടരുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ത്രിദിന സന്ദര്‍ശനം. മണിപ്പൂരില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടതായി സംസ്ഥാനത്തിനകത്തുനിന്നുതന്നെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. ഒരു മാസമായി തുടരുന്ന കലാപത്തില്‍ 90ഓളം പേരാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് വീടുകളും കടകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കി. ഭൂരിപക്ഷ വിഭാഗക്കാരായ മെയ്തികള്‍ക്ക് ഗോത്രവര്‍ഗ പദവി നല്‍കാനുള്ള മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാറിന്റെ നീക്കമാണ് വലിയ കലാപത്തിന് വഴിവെച്ചത്.

ഇതിനിടെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ചൊവ്വാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടിരുന്നു.പ്രക്ഷോഭക്കാര്‍ റോഡ് ഉപരോധത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍ സിങ് രംഗത്തെത്തി. റോഡ് ഉപരോധം കാരണം കലാപ ബാധിത പ്രദേശങ്ങളിലേക്ക് സന്നദ്ധ സഹായം എത്തിക്കാനോ സുരക്ഷാ സൈനികര്‍ക്ക് എത്തിപ്പെടാനോ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

webdesk11: