X

മണിപ്പൂര്‍; കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്തതായി പരാതിയുമായി ഒരു യുവതികൂടി രംഗത്ത്

മണിപ്പൂരില്‍ നടന്ന കലാപത്തിനിടെ ഒരു യുവതികൂടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒരു യുവതികൂടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചുരാചന്ദ്പുര്‍ ജില്ലക്കാരിയായ 37കാരിയാണ് പരാതിക്കാരി. അക്രമികള്‍ വീട് കത്തിച്ചതോടെ 2 മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗ്രാമംവിട്ട് ഓടിപ്പോകുന്നതിനിടെ ഒരുസംഘം ആളുകള്‍ പിടികൂടി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

തന്റേയും കുടുംബത്തിന്റേയും അഭിമാനവും അന്തസ്സും പരിരക്ഷിക്കാനും സമുദായികഭ്രഷ്ട് ഒഴിവാക്കാനും വേണ്ടി താന്‍ നേരിട്ട അതിക്രമത്തെ മറച്ചുവെക്കാനായിരുന്നു താനാദ്യം തീരുമാനിച്ചതെന്ന യുവതി പറയുന്നു. സ്വയം അവസാനിപ്പിക്കുന്നതിനെ കുറിച്ചും പലപ്പോഴും ചിന്തിച്ചിരുന്നതായും ഇവര്‍ പറയുന്നു. ബുധനാഴ്ച ബിഷ്ണുപുര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എഫ്.ഐ.ആറിനോടൊപ്പം നല്‍കിയ മൊഴിയില്‍ അതിജീവിത വ്യക്തമാക്കി.

മെയ് മൂന്നിന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചുരാചന്ദ്പുരില്‍ സംഘര്‍ഷമുണ്ടായ ദിവസമായിരുന്നു അത്. തങ്ങള്‍ നേരിട്ട അതിദുരവസ്ഥകളെക്കുറിച്ച് വിവിധയിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ തുറന്നുപറയുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കാണാനിടയായതാണ് പൊലീസിനെ സമീപിക്കാന്‍ ധൈര്യം നല്‍കിയതെന്ന് അതിജീവിത പറയുന്നു.

സംഭവദിവസം വൈകിട്ട് ആറരയോടെയാണ് അതിജീവിതയും കുടുംബവും താമസിച്ചിരുന്ന വീടും അയല്‍പക്കത്തെ മറ്റുവീടുകളും ആക്രമികള്‍ തീകൊളുത്തിയത്. 2 ആണ്‍മക്കള്‍ക്കും ഭര്‍തൃസഹോദരിയ്ക്കും അവരുടെ മകള്‍ക്കുമൊപ്പം എത്രയും വേഗം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു അവരുടെ മനസിലുണ്ടായിരുന്ന ചിന്ത.

‘എന്റെ മരുമകളെ ഞാന്‍ ചുമലിലെടുത്തു, മക്കളുടെ കൈകള്‍ പിടിച്ച് ഞാന്‍ അവിടെ നിന്ന് സര്‍വശക്തിയുമെടുത്ത് ഓടി, എന്റെ സഹോദരന്റെ ഭാര്യ കുഞ്ഞിനെയുമെടുത്ത് എന്റെ പിന്നാലെ ഓടിവരുന്നുണ്ടായിരുന്നു. പെട്ടെന്ന് കാല്‍തെറ്റി ഞാന്‍ വീണു. പിന്നാലെ വന്ന സഹോദരപത്‌നി എന്റെ പുറത്തുനിന്ന് വീണ മരുമകളെ എടുത്ത് എന്റെ മക്കളുടെ കൈകള്‍ പിടിച്ച് മുന്നോട്ടോടി. എങ്ങനെയോ ഞാനെണീറ്റു, പക്ഷെ അപ്പോഴേക്കും അടുത്തെത്തിയ അഞ്ചാറ് അക്രമികള്‍ എന്നെ പിടികൂടി. അവരെന്റെ നേര്‍ക്ക് അസഭ്യം പറയാനാരംഭിച്ചു, ദേഹോപദ്രവം തുടങ്ങി, എതിര്‍ക്കാന്‍ പരമാവധി ശ്രമിച്ചു, പക്ഷെ ഒടുവില്‍ അവര്‍ എന്നെ ബലാല്‍സംഗം ചെയ്തു’, എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്ന അതിജീവിതയുടെ മൊഴി ഇങ്ങനെ.

ആരോഗ്യനില തകരാറിലായതായും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതായും അതിജീവിത പറയുന്നു. ചികിത്സ തേടി ഇംഫാലിലെ റീജണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിയെങ്കിലും തന്റെ അവസ്ഥയെ കുറിച്ച് വിശദീകരിക്കാനാകാതെ മടങ്ങിയെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ആരോഗ്യനില കൂടുതല്‍ വഷളായതോടെ യുവതി ചൊവ്വാഴ്ച ഇംഫാലില്‍ തന്നെയുള്ള ജെഎന്‍ഐഎംഎസ് ആശുപത്രിയിലെത്തി. തുടര്‍ന്ന് കൗണ്‍സിലിങ്ങിനിടെയാണ് ഡോക്ടര്‍മാര്‍ യുവതി ലൈംഗികപീഡനത്തിനിടയായത് മനസിലാക്കിയത്.

‘ഞാന്‍ കടന്നുപോകേണ്ടിവന്ന മാനസികസമ്മര്‍ദത്തിന്റേയും ദുരവസ്ഥയുടേയും ഉത്തരവാദി ഞാനല്ലെന്ന ബോധ്യം പതിയെപ്പതിയെ എനിക്കുണ്ടായി. അവര്‍ എനിക്കെതിരെ ചെയ്ത അതിക്രമത്തിന് ഞാനല്ല കുറ്റക്കാരി…എന്ന ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ച കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം’, അതിജീവിത പറഞ്ഞു.

മെയ് 3 മുതല്‍ ജൂലായ് 30 വരെയുള്ള മുന്നുമാസക്കാലയളവില്‍ ഏകദേശം 6,500 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് മണിപ്പുര്‍ പോലീസ് സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു. തീവെപ്പ്, കൊള്ള, പാര്‍പ്പിടം നശിപ്പിക്കല്‍ എന്നിവയിലാണ് ഭൂരിഭാഗം കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പുരില്‍ വസ്തുവകകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

webdesk13: