X

പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു ; മൗനം വെടിഞ്ഞ് മോദി; മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി

മണിപ്പൂർ വിഷയത്തിൽ രാജ്യത്ത് ശക്തമായ രോഷമുയർന്നതോടെ മൗനം വെടിഞ്ഞ് മോദി.മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.കുറ്റവാളികൾക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് മാധ്യമങ്ങളോടു സാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് മണിപ്പുരിൽ നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമ്പോഴും ഇക്കാര്യത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷം കടുത്ത രോഷവുമായി രംഗത്ത് വന്നിരുന്നു. ഇന്ന് തുടങ്ങുന്ന പാർലമെൻറ് വർഷകാല സമ്മേളനത്തതിൽ മണിപ്പൂർ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു.

മണിപ്പൂർ കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എൻകെ പ്രേമചന്ദ്രൻ ബിനോയ് വിശ്വം, എ എ റഹീം എന്നിവർ നോട്ടീസ് നൽകി.ഇവർക്ക് പുറമെ കോൺഗ്രസ് എംപി മനീഷ് തിവാരി എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകി. രാജ്യസഭയിൽ ഇതേ വിഷയത്തിൽ കോൺഗ്രസ് എംപി മാണിക്യം ടാഗോറും, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും നോട്ടീസ് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരിൽ നിന്ന് വരുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നിൽക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. വെറുപ്പ് മണിപ്പൂരിൽ ജയിച്ചുവെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമ്മൻ പറഞ്ഞു. ഇരട്ട എഞ്ചിൻ ഭീകരതയോട് മോദി മൗനം പാലിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മണിപ്പൂരിലെ സ്ത്രീകൾക്ക് നീതി ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയുടെ നാരി ശക്തി അവകാശവാദം പൊള്ളയാണെന്ന് തെളിയുമെന്ന് തൃണമൂൽ കോൺഗ്രസും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം രാജ്യത്തെ ജനങ്ങൾക്ക് വേദനാജനകമെന്ന് എഎപിയും പ്രതികരിച്ചു.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

webdesk15: