ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷ സഖ്യത്തെ മറികടന്ന് വലിയ ഒറ്റകക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടി സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനങ്ങളെ ഒരിക്കല്‍കൂടി ദേശീയതലത്തില്‍തന്നെ ചര്‍ച്ചാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
പ്രത്യേകിച്ച് പുതിയ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് വലിയ ഒറ്റകക്ഷികള്‍ ഗവര്‍ണറെ കണ്ട പശ്ചാത്തലത്തില്‍. ഇതില്‍ തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും അതുവഴി ജനാധിപത്യത്തെ തന്നെ കൊല്ലാക്കൊല ചെയ്യുന്നതിന്റെയും ഏറ്റവും രൗദ്രഭാവങ്ങള്‍ കണ്ട സംസ്ഥാനമാണ് മണിപ്പൂര്‍.60 അംഗ നിയമസഭയിലേക്ക് 2017 മാര്‍ച്ച് നാല്, എട്ട് തിയതികളില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന ജനവിധിയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
28 സീറ്റ് ലഭിച്ച കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിന് മൂന്നു സിറ്റിന്റെ മാത്രം കുറവാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശമുന്നയിച്ചെങ്കിലും ഗവര്‍ണര്‍ നെജ്മ ഹെപ്തുല്ല ഇത് തള്ളി രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായി രുന്നു. 21 അംഗങ്ങളാണ് ബി. ജെ.പിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 10 പേരുടെ കുറവ്. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ എന്‍.പി.പിയേയും എന്‍.പി.എഫിനെയും കൂട്ടുപിടിച്ചെങ്കിലും അംഗബലം 29 മാത്രമേ ആയുള്ളൂ.
എല്‍.ജെ.പിയുടെ ഒരംഗത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ 30 ആയി. എന്നിട്ടും ഒരംഗത്തിന്റെ കുറവ്. ഇത് നികത്താന്‍ കോണ്‍ഗ്രസ് അംഗം ശ്യാംകുമാര്‍ സിങിനെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ചാക്കിട്ടുപിടിച്ചു.വിശ്വാസ വോട്ടെടുപ്പില്‍ ശ്യാംകുമാര്‍ സിങ് വിപ്പ് ലംഘിച്ച് ബി.ജെ.പിയുടെ എന്‍ ബിരേണ്‍ സിങിനെ പിന്തുണച്ചു.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടാവുന്ന കുറ്റമാണിത്. അന്നുതന്നെ ശ്യാംകുമാര്‍ സിങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കി. എന്നാല്‍ സ്പീക്കര്‍ ഇതിന്മേല്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം നീണ്ടുപോയതല്ലാതെ ഇതുവരേയും ഹൈക്കോടതി തീരുമാനമെടുത്തില്ല. ഫലത്തില്‍ ശ്യാംകുമാര്‍ സിങ് നിയമസഭാംഗമായി തുടരുന്നു എന്നു മാത്രമല്ല, ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്നോണം ബി.ജെ.പി അദ്ദേഹത്തെ പൊതുവിതരണ വകുപ്പ് മന്ത്രിയാക്കുകയും ചെയ്തു.
അതേസമയം ഒരംഗം എതിര്‍ത്താല്‍ ഏതു സമയത്തും അവിശ്വാസം പാസാകുമെന്നതിനാല്‍ ബി.ജെ.പി സര്‍ക്കാറിനുമേല്‍ ഭീഷണി തൂങ്ങിനിന്നു. ഇത് മറികടക്കാന്‍ ഒമ്പത് കോണ്‍ഗ്രസ് എം .എല്‍.എമാരെക്കൂടി ചാക്കിട്ടുപിടിക്കുകയാണ് ബി.ജെ.പി ചെയ്തത്. ബി.ജെ.പി വേദിയിലെത്തി പരസ്യമായി ഇവര്‍ രാഷ്ട്രീയ കൂറുമാറ്റം പ്രഖ്യാപിച്ചു.
ഇതോടെ ഒമ്പതു പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കി. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ബി.ജെ.പി നോമിനികള്‍ ആയതിനാല്‍ നടപടിയെടുക്കാതെ പരാതി ഫയലില്‍വച്ചു. ഇതിനിടെ കൂറുമാറ്റം ബാധകമാകാതിരിക്കാന്‍ ബി.ജെ.പി മറ്റൊരു തന്ത്രംകൂടി പരീക്ഷിച്ചു. കൂറുമാറിയ എം.എല്‍.എമാരെയെല്ലാം സഭാ സമ്മേളനങ്ങളില്‍ പ്രതിപക്ഷ ബെഞ്ചില്‍ തന്നെ ഇരുത്തി. ‘പ്രതിപക്ഷ’ത്തിരുന്ന് സര്‍ക്കാറിനെ പിന്തുണക്കുന്ന അത്യപൂര്‍വ്വ സാഹചര്യം മണിപ്പൂര്‍ നിയമസഭയില്‍ പ്രകടമാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
മണിപ്പൂരില്‍ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ പ്രതിഭാസമാണിത്. കേന്ദ്ര ഭരണത്തിലെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെടുന്നതിനെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ നിയമനിര്‍മാണ സഭകളില്‍ തന്നെ ജനാധിപത്യ ധ്വംസനത്തിന്റെ ഏറ്റവും പ്രകടമായ നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ നിയമവും ഭരണഘടനയുമെല്ലാം നോക്കു കുത്തി മാത്രമാവുകയാണെന്ന് കോണ്‍ഗ്രസ് പി.സി.സി പ്രസിഡണ്ട് ടി.എന്‍ ഹോകിപ് ആരോപിക്കുന്നു.