പേരാമ്പ്ര: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ച പന്തിരിക്കര സൂപ്പിക്കടയില്‍ വിദഗ്ധ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് തലവന്‍ പ്രൊഫ. ജി.അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. മരിച്ച സഹോദരങ്ങളായ വളച്ചുകെട്ടി മുഹമ്മദ് സാലിഹ്, സാബിത്ത്, ഇവരുടെ പിതൃസഹോദരന്റെ ഭാര്യ വളച്ചുകെട്ടി മറിയം ഹജ്ജുമ്മ എന്നിവരുടെ വീടുകളില്‍ ചെന്ന് പരിശോധന നടത്തി. മരണവീടുകള്‍ക്ക് സമീപത്തെ വസതികളിലും എത്തി തെളിവെടുപ്പ് നടത്തി. മരിച്ച മുഹമ്മദ് സാലിഹിന്റെ വീട്ടില്‍ വളര്‍ത്തുന്ന മുയലിന്റെ രക്തസാമ്പിള്‍ ശേഖരിച്ചു. ഇവിടെ വളര്‍ത്തുന്ന മുയലുകളില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസം ചത്തുപോയിരുന്നു.
മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് ശേഖരിച്ച രക്തസാമ്പിള്‍ മണിപ്പാല്‍ വൈറോളജി വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. രോഗം പരത്തുന്ന വൈറസിനെക്കുറിച്ച് ഉടന്‍ തന്നെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രൊഫ. അരുണ്‍കുമാര്‍ വ്യക്തമാക്കി.
ഭയപ്പെടേണ്ട യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ല. മരിച്ചവരുമായി അടുത്ത് ഇടപഴകിയവര്‍ക്കല്ലാതെ രോഗം പടരാന്‍ സാദ്ധ്യതയില്ല. സൂപ്പിക്കടയില്‍ നടന്ന നാട്ടുകാരുടെ യോഗത്തില്‍ പ്രസംഗിച്ച പ്രൊഫ. അരുണ്‍കുമാര്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ആയിഷ അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് എന്‍.പി വിജയന്‍ സ്വാഗതം പറഞ്ഞു.
ആശങ്ക വേണ്ട; ജാഗ്രത പാലിക്കണം: ഡി.എം.ഒ
കോഴിക്കോട്: പ്രത്യേക വൈറസ് പരത്തുന്ന പനി ബാധിച്ച് മൂന്നുപേര്‍ മരിക്കുകയും എട്ടുപേര്‍ ചികിത്സ തേടിയതോടെ പേരാമ്പ്രയില്‍ പ്രധാനമായും ജില്ലയില്‍ പൊതുവെയും ആശങ്ക പരന്നിട്ടുണ്ട്. എന്നാല്‍ വായുവിലൂടെയും ജലത്തിലൂടെയും രോഗം പകരില്ലെന്ന് ഉറപ്പായതിനാല്‍ അധികം ആശങ്കയുടെ ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
അടിയന്തര ശ്രദ്ധക്ക്
• രോഗം ബാധിച്ചവരുമായി ഇടപഴകുന്നവര്‍ ശ്രദ്ധിക്കണം. മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം.
• വവ്വാല്‍ കടിച്ചതോ തൊട്ടതോ ആയ പഴങ്ങള്‍ ഉപയോഗിക്കരുത്.
• പക്ഷിമൃഗാദികള്‍ കഴിച്ചു ബാക്കി വന്ന മാമ്പഴങ്ങളും മറ്റു പഴങ്ങളും കഴിക്കരുത്.
• പഴങ്ങള്‍ നന്നായി കഴുകി തോല്‍ മാറ്റിയതിന് ശേഷം കഴിക്കുക.