റഫീഖ് അഹമ്മദിന്റെ ശബരിമല യാത്രയെ വിമര്‍ശിച്ച് പ്രമുഖ മലയാള എഴുത്തുകാരി മനില സി മോഹന്‍. വര്‍ഗ്ഗീയതക്കെതിരെ ശബരിമലയ്ക്ക് എന്ന പേരിലാണ് കെ.പി രാമനുണ്ണിക്കും രാഹുല്‍ ഈശ്വറിനുമൊപ്പം റഫീഖ് അഹമ്മദ് ശബരിമലക്ക് പുറപ്പെടുന്നത്. ഇത് സംഘപരിപാര തന്ത്രമാണെന്നും അവര്‍ നീട്ടുന്ന കെണിയിലാണ് റഫീഖ് അഹമ്മദു പെട്ടിരിക്കുന്നതെന്നുമാണ് മനില ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
പ്രിയ റഫീഖ് അഹമ്മദ്, താങ്കളുടെ എല്‍.പി സ്‌കൂള്‍ ടാബ്ലോ രാഷ്ട്രീയം നിരാശപ്പെടുത്തുന്നു.
വര്‍ഗ്ഗീയതയ്ക്കും മതവിരുദ്ധതയ്ക്കുമെതിരായുള്ള സന്ദേശം ഉയര്‍ത്തിപ്പിടിച്ച് താങ്കള്‍ രണ്ട് പേര്‍ക്കൊപ്പം ശബരിമലയ്ക്ക് പോകുന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തമാശ തോന്നിയെങ്കിലും താങ്കളെപ്പോലുള്ളവരെ കെണി വെച്ച് പിടിച്ച സംഘപരിവാര്‍ രാഷ്ട്രീയ കൗശലം അടുത്ത നിമിഷത്തില്‍ ഭയമാണുണ്ടാക്കിയത്. ഹിന്ദുവര്‍ഗ്ഗീയതയുടെ അപ്പോസ്തലനായ തന്ത്രി കുടുംബാംഗത്തിന്റെയും ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് സാഹിത്യത്തിന്റെ ചെലവില്‍ സ്വീകാര്യതയുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹിത്യകാരന്റെയുമൊപ്പം താങ്കള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യാത്ര എത്രമേല്‍ ഹൈന്ദവ തീവ്രവാദത്തിന് ശക്തിയുണ്ടാക്കിക്കൊടുക്കുമെന്ന് മനസ്സിലായിട്ടുണ്ടോ?
വിശ്വാസികള്‍, സദ്ഭാവന, കേരളത്തിന്റെ ആത്മീയ പാരമ്പര്യം തുടങ്ങി ചൂണ്ടയില്‍ കൊളുത്തിയിട്ട ഇരവാക്കുകളില്‍ താങ്കള്‍ പോയി കടിക്കരുത്. പെട്ട് പോവും. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘ പരിവാര്‍ കേരളത്തില്‍ പ്രധാന കളി കളിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസത്തിന്റെ പല തരം ടൂളുകളെ കൃത്യമായ ഇടവേളകളില്‍ അവര്‍ പരീക്ഷിച്ചു കൊണ്ടിരിക്കും. ശബരിമല അതിനു പറ്റിയ ഇടമാണ്. ഒരു സമയത്ത് ആര്‍ത്തവാശുദ്ധിയുടെ ടൂളുപയോഗിക്കും, സ്ത്രീ അവകാശം എന്ന് പറയും, ഇപ്പോള്‍ ഉപയോഗിച്ചത് മതേതരത്വത്തിന്റെ ടൂളാണ്. ആത്യന്തികമായി വിശ്വാസ പരിസരങ്ങളെയും ഹൈന്ദവതയെയും ഹിന്ദുത്വയെയും ഉറപ്പിക്കുക തന്നെയാണ് അവര്‍ ചെയ്യുന്നത്. തന്ത്രി കുടുംബാംഗത്തിന്റെ മുഖം മൂടിയിട്ട വാക്ചാതുര്യത്തില്‍ കാപട്യവും ഹിന്ദുത്വവര്‍ഗ്ഗീയതയും മാത്രമാണുള്ളത്. സംഘപരിവാറിന് ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ. അതില്‍ നന്മയുണ്ട് എന്ന് അബദ്ധത്തില്‍ പോലും തെറ്റിദ്ധരിക്കരുത്. പ്രിയ റഫീഖ് അഹമ്മദ്, വര്‍ഗ്ഗീയത നല്ലത്, ചീത്ത എന്നൊന്നുമില്ല.
രാജ്യം ഭരിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തില്‍ പ്രയോഗിക്കുന്ന തന്ത്രമാണിത്. സാംസ്‌കാരിക മൂലധനം കൈവശമുള്ള, മുസ്ലിം നാമധാരി കൂടിയായ ഒരാളുടെ പങ്കാളിത്തം ഹൈന്ദവതയിലേക്ക് മുതല്‍ക്കൂട്ടുക എന്ന തന്ത്രം. അതില്‍ ഒരു വിപ്ലവവുമില്ല പ്രിയ കവീ. പണ്ട് എല്‍.പി.സ്‌കൂളില്‍ ടാബ്ലോ ചെയ്യാറില്ലേ? വെള്ള സാരിയുടുത്ത് ദേശീയ പതാക പിടിച്ച ഒരു ഭാരതമാതാവിന്റെയടുത്ത് ലോഹയിട്ട പള്ളീലച്ചനും തൊപ്പിയും പച്ച ബെല്‍റ്റും കെട്ടിയ മുസ്ലിയാരും ഷര്‍ട്ടിടാതെ പൂണൂലിട്ട ബ്രാഹ്മണനും കൈകോര്‍ത്ത് നില്‍ക്കുന്ന ടാബ്ലോ! അതില്‍ കാലത്തിന്റെയും പ്രായത്തിന്റേയും നിഷ്‌കളങ്കത ആരോപിക്കാമായിരുന്നു. പക്ഷേ ഈ കാലത്ത്, ഈ പ്രായത്തില്‍ നിങ്ങളത് ചെയ്യുന്നത് കഷ്ടമാണ്. താങ്കളുടെ പച്ച ബെല്‍റ്റും തലയിലെ തൊപ്പിയുമാണ് അവരുടെ ആകര്‍ഷണം. ഫാന്‍സിഡ്രസിനെ താങ്കള്‍ രാഷ്ട്രീയമാണെന്ന് തെറ്റിദ്ധരിക്കരുത്. അവര്‍ ഫുള്‍ ടൈം പലതരം വേഷങ്ങളില്‍ ഫാന്‍സിഡ്രസ് കളിക്കുന്നവരാണ്, ഹിന്ദുത്വവര്‍ഗ്ഗീയതയ്ക്കപ്പുറം മറ്റൊന്നും മനസ്സിലാവാത്തവര്‍. തരം കിട്ടിയാല്‍ കൊന്നുകളയാന്‍ അറപ്പില്ലാത്തവര്‍.
പ്രിയ റഫീഖ് അഹമ്മദ്, താങ്കളീ കോമാളിക്കളിയില്‍ പങ്കാളിയാവരുത്. വര്‍ഗ്ഗീയതയെ പ്രതിരോധിക്കേണ്ടത് ഹൈന്ദവ വിശ്വാസത്തെ ഉയര്‍ത്തിക്കാണിച്ചിട്ടാണെന്ന് അവര്‍ പറയുമ്പോള്‍ അതു കേട്ട് കെട്ടുമുറുക്കാന്‍ നില്‍ക്കരുത്. നവോത്ഥാന ചരിത്രത്തെ മറന്നു കൊണ്ട് വര്‍ഗ്ഗീയ ചേരിയില്‍ ചെന്ന് കയറിക്കൊടുക്കരുത്. അതിന് പുറത്താണ് താങ്കളെന്ന് ഒരു വരി കവിതയെഴുതണം.