മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിനെ വര്‍ഗീയവാദിയായിരുന്നവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി വാജ്‌പെയ് അല്ല നരസിംഹ റാവു ആണെന്നായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിമര്‍ശനം. തന്റെ ആത്മകഥയായ ‘മെമയേഴ്‌സ് ഓഫ് മാവറിക്’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മണി ശങ്കര്‍ അയ്യരുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാങ്‌വിയുമായി നടത്തിയ സംവാദത്തിലായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിമര്‍ശനം.
രാം റഹിം യാത്രനടത്താന്‍ ഒരുങ്ങിയഘട്ടത്തില്‍ റാവുവുമായി നടത്തിയ സംഭാഷണം വിശദീകരിച്ചായിരുന്നു നരസിംഹറാവുവിനെക്കുറിച്ച് അയ്യരുടെ പ്രതികരണം. ”യാത്രയോട് എതിര്‍പ്പില്ലെന്നു പറഞ്ഞ റാവു മതേതരത്വത്തെക്കുറിച്ചുള്ള എന്റെ നിര്‍വചനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതൊരു ഹിന്ദുരാജ്യമാണെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടില്ലെന്നുതോന്നുന്നു എന്നായിരുന്നു റാവു പറഞ്ഞത്. ഇതുതന്നെയാണ് ബി.ജെ.പി.യും പറയുന്നതെന്ന് ഞാന്‍ മറുപടിനല്‍കി” അയ്യര്‍ പറഞ്ഞു.
നരേന്ദ്രമോദിക്ക് മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിമാരെല്ലാം പാകിസ്താനുമായി ഏതെങ്കിലുംതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു. പാകിസ്താനെതിരേ മിന്നലാക്രമണം നടത്താന്‍ ധൈര്യംകാട്ടുമെങ്കിലും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അവരുമായി ചര്‍ച്ചനടത്താന്‍ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താനിലെ ജനങ്ങള്‍ ഇന്ത്യയെ ശത്രുരാജ്യമായി കരുതുന്നില്ല. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാകിസ്താനുമായി ചര്‍ച്ചനടത്താനും ധാരണയുണ്ടാക്കാനും മുന്‍കൈയെടുത്തിരുന്നു. എന്നാല്‍, പാകിസ്താനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ”അത് എക്കാലത്തും ഇന്ത്യയുടെ കഴുത്തില്‍ ഒരു കുരുക്കായിക്കിടക്കുമെന്ന് ഭയക്കുന്നു. അതിനാല്‍ നമുക്ക് വിശ്വഗുരുവാകാന്‍ കഴിയില്ല” അയ്യര്‍ കൂട്ടിച്ചേര്‍ത്തു.