ലാഹോര്‍: ഇന്ത്യ വിഭജിക്കണമെന്ന് ആദ്യം പറഞ്ഞത് മുഹമ്മദലി ജിന്നയല്ലെന്നും ഹിന്ദു മഹാസഭ നേതാവ് വി.ഡി സവര്‍ക്കറാണെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജനങ്ങള്‍ക്കിടയില്‍ മതപരമായ വിഭജനമുണ്ടാക്കിയത് ഹിന്ദുത്വ ആശയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ മുഹമ്മദലി ജിന്നയുടെ ഫോട്ടോ വെച്ചതിനെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് അയ്യരുടെ പ്രതികരണം.
1923ല്‍ വി.ഡി സവര്‍ക്കര്‍ എഴുതിയ ‘ഹിന്ദുത്വ’ എന്ന പുസ്തകത്തിലാണ് ‘ഹിന്ദുത്വ’ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. അതിന് മുമ്പ് മറ്റൊരു ഹൈന്ദവ മത ഗ്രന്ഥത്തിലും അങ്ങനെയൊരു പദം കണ്ടെത്താനാവില്ല. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്ര ഗുരുവായ സവര്‍ക്കറാണ് ദ്വിരാഷ്ട്രവാദത്തിന്റെ ആദ്യ വക്താവെന്നും അയ്യര്‍ പറഞ്ഞു.
ജിന്നയെ ‘ഖാഇദെ അഅ്‌സം’ എന്ന് വിളിക്കുന്നത് ഇന്ത്യാ വിരുദ്ധരാണെന്ന വാദത്തേയും അയ്യര്‍ എതിര്‍ത്തു. നിരവധി പാക്കിസ്ഥാനികള്‍ ഗാന്ധിജിയെ മഹാത്മാ ഗാന്ധി എന്ന് വിളിക്കുന്നുണ്ട്. അവരൊക്കെ ഇന്ത്യാ അനുകൂലികളും പാക്കിസ്ഥാന്‍ വിരുദ്ധരുമാണെന്ന് പറയാനാവുമോയെന്ന് അദ്ദേഹം ചോദിച്ചു.
പ്രസ്താവനയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രിക്കെതിരെ വംശീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.