X

വേറെ പണിയൊന്നുമില്ലേ; പ്രതിപക്ഷം പറയുമ്പോഴേ ഞാനങ്ങ് രാജിവയ്ക്കാന്‍: എം.എം മണി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍പോകുന്നില്ലെന്ന് എം.എം മണി.
അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയൊട് സ്വന്തം ശൈലിയില്‍ പ്രതികരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി എം.എം. മണി.
വേറെ പണിയൊന്നുമില്ലേ, പ്രതിപക്ഷം പറയുമ്പോഴേ ഞാനങ്ങ് രാജിവയ്ക്കാന്‍ പോകുവല്ലേ, അതിനു വെച്ച വെള്ളം അങ്ങു വാങ്ങിവെച്ചാല്‍ മതി. വിധി വന്നതുകൊണ്ട് എന്റെ ഒരു രോമത്തിനു പോലും പ്രശ്‌നമില്ല. എന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫാണെന്നും, മണി പ്രതികരിച്ചു.

എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിനാല്‍ മണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരക്കുകയായിരുന്നു മന്ത്രി. അതേസമയം, തനിക്കെതിരെ കേസെടുത്തതില്‍ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടെന്നും, ചെന്നിത്തലയും തിരുവഞ്ചൂരുമൊക്കെ ചേര്‍ന്നാണ് എനിക്കെതിരെ കേസെടുത്തതെന്നും മണി ആരോപിച്ചു.

തൊടുപുഴയിലെ ഒരു കോടതിയല്ലേ കേസില്‍ ഇപ്പോള്‍ വിധി പറഞ്ഞത്. ഹൈക്കോടതിയും സുപ്രീം കോടതിയും ഇനിയും കിടക്കുകയല്ലേ, കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുന്നണി പറയുന്നതുപോലെ ചെയ്യുമെന്നും മണി വ്യക്തമാക്കി. കേസ് നടത്താന്‍ സ്വന്തം നിലയ്ക്കാണ് ഞാന്‍ അഡ്വക്കേറ്റിനെ നിയോഗിച്ചത്. ഇനിയിത് എവിടം വരെ പോകുമെന്ന് നമ്മുക്ക് നോക്കാം. തനിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സംബന്ധിച്ച് പിന്നീട് ഡിവിഷന്‍ ബഞ്ചില്‍നിന്ന് അനുകൂല വിധി വന്നിട്ടുണ്ടെന്നും മണി പ്രതികരിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും വ്യക്തമാക്കിയിരുന്നു.

chandrika: