X
    Categories: keralaNews

എന്‍.സി.പിയില്‍ പിളര്‍പ്പ് ഉറപ്പായി; മാണി സി. കാപ്പന്‍ യുഡിഎഫില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടു കൊടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍.സി.പിയില്‍ പിളര്‍പ്പ് ഉറപ്പായി. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എല്‍.ഡി.എഫ്, എന്‍.സി.പിയെ ഔദ്യോഗികമായി അറിയിച്ചതാണ് പിളര്‍പ്പിന് വഴിയൊരുക്കിയത്. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റില്‍ മത്സരിക്കാനും എല്‍.ഡി.എഫ് നിര്‍ദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എന്‍.സി.പിക്ക് നല്‍കാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു.

ഇതോടെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്ന് എന്‍.സി.പി തീരുമാനിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിന്ന് പ്രഫുല്‍ പട്ടേല്‍ പിന്‍വാങ്ങി. ഇതിന് പിന്നാലെ എന്‍.സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. രണ്ടു ദിവസത്തിനകം അനുകൂല തീരുമാനമായില്ലെങ്കില്‍ മുന്നണി വിടുമെന്ന് എന്‍.സി.പി നേതാവും പാലാ എം.എല്‍.എയുമായ മാണി സി കാപ്പന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ശരത്പവാറുമായി കാപ്പന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. പാലാ വിട്ടു കൊടുക്കില്ലെന്നും ദേശീയ നേതൃത്വം തനിക്ക് അനുകൂലമായിരിക്കുമെന്നുമാണ് കാപ്പന്റെ നിലപാട്. സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്നും മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങള്‍ വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പന്‍ ഇന്നലെ ഡല്‍ഹിയില്‍ അറിയിച്ചു.

നേരത്തെ മാണി സി കാപ്പനെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. ജോസ് കെ മാണി എല്‍.ഡി.എഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാണി. സി. കാപ്പന്‍ ഉറച്ചു നിന്നു. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്ററും രംഗത്തെത്തി. വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇടപെട്ട് കാപ്പനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പീതാബരനും നിലപാട് മയപ്പെടുത്തിയെങ്കിലും കാപ്പന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

അതിനിടെ, സീറ്റ് വിട്ടു നല്‍കുന്ന തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കാപ്പന്‍ വിഭാഗത്തെ എതിര്‍ക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നാല് സീറ്റും വേണമെന്ന് തന്നെയാണ് എന്‍.സി.പി നിലപാട്. മുന്നണി മാറ്റത്തിലൊന്നും ചര്‍ച്ച നടന്നിട്ടില്ലെന്നും ഇടതുമുന്നണിയില്‍ തുടരണമെന്ന് ആവശ്യപ്പെടുന്ന ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ആരും യു.ഡി.എഫിലേയ്ക്ക് പോകുമെന്ന് കരുതുന്നില്ല. ഊഹാപോഹങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും നേതാക്കള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: