കോട്ടയം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എന്‍സിപിക്ക് സംസ്ഥാനത്ത് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ ഒമ്പത് പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലീഡ് ലഭിച്ചിരുന്നു. അവിടെ ഇത്തവണ രണ്ട് സീറ്റ് മാത്രമാണ് നല്‍കിയത്. കടുത്ത അവഗണനയാണിത്. സംസ്ഥാനത്തുടനീളം നാനൂറോളം സീറ്റുകളില്‍ മത്സരിച്ച എന്‍സിപിക്ക് ഇത്തവണ 165 സീറ്റ് മാത്രമാണ് നല്‍കിയതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ജോസ് കെ.മാണിയുടെ ഇടതുപക്ഷത്തേക്കുള്ള വരവോടെ തന്നെ കടുത്ത എതിര്‍പ്പിലായിരുന്നു എന്‍സിപി നേതൃത്വം. വലിയ വിട്ടുവീഴ്ചയായിരുന്നു ഇത്തവണ എന്‍സിപി സീറ്റ് വീഭജനത്തില്‍ പലയിടത്തും ചെയ്യേണ്ടിവന്നത്.കോട്ടയം ജില്ലയില്‍ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എന്‍സിപിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു.