കൊച്ചി: പാല- കുട്ടനാട് സീറ്റുകള്‍ മോഹിച്ച് ആരും എല്‍ഡിഎഫിലേക്ക് വരേണ്ടെന്ന് എംഎല്‍എ മാണി സി കാപ്പന്‍. എന്‍സിപിയുടെ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണി വരുന്നുവെന്ന പേരില്‍ ഒരു ചര്‍ച്ച മുന്നണിയില്‍ വന്നിട്ടില്ല. 52 വര്‍ഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
അതേസമയം കുട്ടനാട്ടില്‍ സീറ്റില്‍ എന്‍സിപി മത്സരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. തോമസ് കെ തോമസിന്റെ പേര് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പാര്‍ട്ടിയില്‍ എതിര്‍പ്പുകളില്ല. ഇടത് മുന്നണി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ശിഥിലമായത് കുട്ടനാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് എ കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.
പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തോമസ് കെ തോമസിനെ കുട്ടനാട് സ്ഥാനാര്‍ത്ഥിയായി മന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതിലുള്ള നീരസം എന്‍സിപി അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പ്രകടിപ്പിച്ചു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സമയമിട്ടില്ലെന്നു പീതംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് ശശീന്ദ്രനാട് ചോദിക്കണമെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. തോമസ് കെ തോമസിന് മുന്നില്‍ വച്ചാണ് മാസ്റ്റര്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.