X

കണ്ടല്‍കാട് സംരക്ഷണം: ജനജീവിതത്തിന ഭീഷണിയാവരുത് ഒരുമ ഒരുമനയൂര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ദുബൈ: ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധത്തിൽ രൂപം നൽകിയ കണ്ടല്‍കാട് സംരക്ഷണത്തില്‍ മാറ്റം വരുത്തണമെന്ന് ഒരുമ ഒരുമനയൂര്‍ യുഎഇ സെന്‍ട്രല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഒരുമനയൂര്‍, പാവറട്ടി പഞ്ചായത്തുകളില്‍ കണ്ടല്‍ കാട് സംരക്ഷണത്തിന്റെ പേരില്‍ പുതിയ നിയമം വരുന്നതുമൂലം പ്രദേശത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.

ഈ പ്രദേശം വനമേഖലയും പക്ഷി സങ്കേതവുമായി പ്രഖ്യാപിക്കുന്നതിലൂടെ പരമ്പരാഗതമായി ഇവിടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ‘ബഫര്‍ സോണ്‍’ ന്റെ പേരില്‍ തലമുറകളായി ജീവിക്കുന്ന വീടും അനുബന്ധ സ്വത്തുവഹകളും കടുത്ത നിയന്ത്രണത്തിലായി മാറുകയെന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയുളവാക്കിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തും ജനസാന്ദ്രത കൂടുതലുള്ള പ്രദേശവുമായ ഒരുമനയൂര്‍ പഞ്ചായത്തിന്റെ ഇരുവശങ്ങളിലൂടെയും കായലോരങ്ങളാണ്. ഒരുവശത്ത് കനോലി കനാലും മറുവശം കാളമന കായലും മധ്യത്തിലൂടെ ദേശീയ പാതയും കടന്നുപോകുന്നു. കായലോരങ്ങളിലെ നിലവിലെ നിബന്ധനകള്‍ തന്നെ തദ്ദേശവാസികളെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
വനംമേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും പക്ഷി സങ്കേതവും വരുന്നതോടെ നിരവധികുടുംബങ്ങള്‍ക്ക് വീട് പുതുക്കിപ്പണിയാനോ പുതിയവ നിര്‍മ്മിക്കാനോ കഴിയാത്ത അവസ്ഥയായി മാറും.

കണ്ടല്‍കാട് സംരക്ഷണത്തിന് പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി സര്‍ക്കാറിനോടൊപ്പമുണ്ടാകും. എന്നാല്‍ ഇത് സാധാരണ ജീവിതത്തിന് ഭംഗം വരുന്ന തരത്തിലാവരുതെന്നാണ് ജനങ്ങളുടെ അപേക്ഷ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി,ജനപ്രതിനിധികൾ, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

ഇതുസംബന്ധിച്ചു പ്രസിഡണ്ട് മുസദ്ദിഖിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പിസി ആസിഫ് സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡണ്ട് റസാഖ് ഒരുമനയൂര്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ കമ്മിറ്റി ഭാരവാഹികളായ ആര്‍ എം കബീര്‍, പി ഗഫൂര്‍, നസറുല്ല, ഷംസീര്‍, താരിഖ് പികെ, ഉസ്മാന്‍ വിപി, അഷറഫ് പിപി, അന്‍വര്‍ പിപി, ബനീജ്, ആരിഫ് കാട്ടത്തറ, ഗഫൂര്‍ ഒരുമനയൂര്‍,ഷൗക്കത്ത് ഒരുമനയൂര്‍, പിപി ബഷീര്‍, അബ്ദുല്‍ഖാദര്‍, റഫീഖ് മുഹമ്മദുണ്ണി, അഷറഫ് എന്‍കെ തുങ്ങിയവര്‍ സംബന്ധിച്ചു.

webdesk14: