ഉത്തര്‍പ്രദേശ്: സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജില്ലാ മജിസ്‌ട്രേറ്റാണ് നോട്ടീസ് അയച്ചത്. മനേകാ ഗാന്ധിയുടെ പ്രസംഗത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
തനിക്ക് വോട്ട് ചെയ്യാത്ത മുസ്‌ലീംകള്‍ പിന്നീട് ഒരു കാര്യത്തിനും സമീപിക്കേണ്ടതില്ല എന്ന രീതിയിലായിരുന്നു മനേകയുടെ പ്രസംഗം. ‘ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഉള്ളതുകൊണ്ട് ഞാന്‍ ഇവിടെ എന്തായാലും വിജയിക്കും. എന്നാല്‍ മുസ്‌ലിംകളുടെ വോട്ട് ഇല്ലാതെയാണ് വിജയിക്കുന്നതെങ്കില്‍ അത് എന്നെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ കാര്യമല്ല. ചിലപ്പോള്‍ അനുഭവം മോശമായേക്കാം. എന്തെങ്കിലും ആവശ്യത്തിന് പിന്നീട് മുസ്‌ലിംകള്‍ എന്നെ സമീപിച്ചാല്‍ അപ്പോള്‍ ഒന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല. നിങ്ങളുടെ വോട്ട് ഇല്ലെങ്കിലും ഞാന്‍ വിജയിക്കും’ -ഇതായിരുന്നു മനേകയുടെ വാക്കുകള്‍.