X

കരടി ചത്തതിന് വനം വകുപ്പിനെതിരെ മേനകാ ഗാന്ധി

കേരളത്തിലേത് ഏറ്റവും മോശം വനം വകുപ്പെന്ന് മേനകാ ഗാന്ധി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കിണറ്റില്‍ വീണ് മയക്കുവെടിയേറ്റ് കരടി ചത്തത് വിവാദമായിരുന്നു.

കഴിഞ്ഞ ദിവസമാണ് കിണറ്റില്‍ വീണ കരടി രക്ഷാപ്രവര്‍ത്തനത്തിനിടെ ചത്തത്. വനം വകുപ്പിന്റെ വീഴ്ചയാണ് കരടിയെ കിണറില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാന്‍ കഴിയാത്തതിന് കാരണമെന്ന് ആരോപണമുണ്ട്. പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടന വനം വകുപ്പിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

വെള്ളനാട് കണ്ണംപള്ളിയില്‍ പ്രഭാകരന്‍ നായരുടെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് കരടി കിണറ്റില്‍ വീഴുന്നത് പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അരുണിന്റെ അയല്‍വാസി വിജയന്റെ രണ്ട് കോഴികളെ പിടികൂടി കഴിച്ച ശേഷം അടുത്ത കോഴിയെ പിടിക്കാന്‍ തുനിഞ്ഞ കരടിയെ കണ്ട് കോഴി പറന്നു സമീപ കിണറിനു മുകളില്‍ കയറി. ഈ സമയം പിന്നാലെ പാഞ്ഞ കരടി കിണറിനു മുകളിലേക്ക് കയറുകയും കിണറിന്റെ മൂടി ഉള്‍പ്പടെ തകര്‍ന്ന് കിണറ്റിലേക്ക് പതിക്കുകയുമായിരുന്നു. രാത്രി അസാധാരണ ബഹളം കേട്ടുണര്‍ന്ന വീട്ടുകാര്‍ കോഴിക്ക് പിന്നാലെ ഓടുന്ന കരടിയെ ആണ് കണ്ടത്. ഇതോടെ സമീപവാസികളും എത്തി. വനം വകുപ്പിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കിണറിനു മുകളില്‍ വല വിരിച്ചു സുരക്ഷിതമാക്കി.

തുടര്‍ന്ന് ആര്‍.ആര്‍.ടി സംഘം സ്ഥലത്തെത്തി. കയര്‍ വല കിണറ്റിലേക്ക് കെട്ടി ഇറക്കി കരടിയെ ഇതിലേക്ക് കയറാന്‍ പ്രേരിപ്പിച്ചു എങ്കിലും കരടി കയറില്‍ പിടിച്ചു തൂങ്ങി കിടക്കുകയാണ് ചെയ്തത്. പലവിധ ശ്രമങ്ങള്‍ നടന്നു എങ്കിലും കരടിയെ വലക്കുള്ളില്‍ ആക്കുക എന്നത് ശ്രമകരമായിരുന്നു. തുടര്‍ന്നാണ് വനം വകുപ്പ് ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെ സ്ഥലത്തെത്തിച്ച് മയക്കു വെടി വെച്ചത്. സ്ഥലത്തെത്തിയ സംഘം ഇന്നലെ രാവിലെ 9.10ഓടെ ആദ്യ മയക്കു വെടിയും 9.20ഓടെ രണ്ടാമത്തെ മയക്കു വെടിയും വച്ചു. ഇതിനിടെ കരടി മുക്കാല്‍ ഭാഗത്തോളം കയര്‍ വലയില്‍ കയറിയിരുന്നെങ്കിലും മയക്കം തുടങ്ങിയതോടെ ഭാരക്കൂടുതല്‍ കാരണം കരടി ഇരുപതു അടിയോളം വെള്ളം ഉള്ള കിണറ്റിലേക്ക് മറിഞ്ഞുവീണു താഴ്ന്നു. പതിനഞ്ചു മിനിറ്റിലധികം കരടി വെള്ളത്തിനടിയില്‍ തന്നെ ആയിരുന്നു. ഇതിനിടെ ആര്‍.ആര്‍.ടി സംഘത്തില്‍ പെട്ടവരും അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥരും കിണറ്റില്‍ ഇറങ്ങി കരടിയെ വലക്കുള്ളില്‍ ആക്കാന്‍ ശ്രമം നടത്തി. കിണറ്റില്‍ വെള്ളം നിറയെ ഉണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമെന്ന് കണ്ട് ഇടക്ക് വെള്ളം വറ്റിക്കാന്‍ ഉള്ള ശ്രമവും നടന്നു.

കരടി കിണറ്റില്‍ ഉള്ളപ്പോള്‍ മോട്ടറോ ഹൊസോ കെട്ടി ഇറക്കുക പ്രായോഗികമല്ല എന്ന് മനസിലാക്കിയാണ് ആദ്യ ഘട്ടത്തില്‍ ഇതിനു മുതിരാതിരുന്നത്. ഹോസ് കടിച്ചു പൊട്ടിക്കുകയും വൈദ്യുത വയര്‍ കടിച്ചു മുറിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ആഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ആദ്യ ഘട്ടത്തില്‍ ഈ ശ്രമം ഉപേക്ഷിച്ചത്. നിലവില്‍ കിണറ്റില്‍ ഉണ്ടായിരുന്ന മോട്ടര്‍ വയറുകള്‍ പൊട്ടിച്ച നിലയിലും ആയിരുന്നു. മയങ്ങി വെള്ളത്തില്‍ താഴ്ന്ന കരടിയെ കഠിന ശ്രമത്തില്‍ ഉദ്യോഗസ്ഥര്‍ കരക്കെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെള്ളത്തില്‍ താഴ്ന്ന സമയം മൂക്കിലൂടെയും വായിലൂടെയും വെള്ളം കയറി ശ്വാസതടസ്സം നേരിട്ട് ആകാം ചത്തത് എന്നാണു പ്രാഥമിക നിഗമനം. ചത്ത കരടിയെ പാലോട് വനം വകുപ്പില്‍ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കുഴിച്ചുമൂടി.

webdesk11: