മ്യുണിച്ച്: ബയേണ്‍ മ്യുണിച്ച് പരിശീലകന്‍ തോമസ് തുഷേലിന്റെ നല്ല പുസ്തകത്തില്‍ ഇടമില്ലാത്ത സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനേയും സഊദി പ്രോ ലീഗിലേക്ക്. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ ക്ലബായ അല്‍ നസറുമായാണ് ബയേണ്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. 31-കാരനായ സെനഗല്‍ താരത്തോട് ബയേണ്‍ മാനേജ്‌മെന്റിന് താല്‍പ്പര്യമില്ലാത്തതിനാല്‍ അദ്ദേഹത്തെ വിട്ടുനല്‍കാനാണ് വ്യക്തമായ സാധ്യതകള്‍.
ബയേണ്‍ ടീം ഇപ്പോള്‍ പ്രീസീസണ്‍ ക്യാമ്പിനായി ജപ്പാനിലാണ്. മാനേ അവര്‍ക്കൊപ്പമുണ്ടെങ്കിലും ജപ്പാന്‍ ക്ലബായ കവാസ്‌ക്കിക്കെതിരായ മല്‍സരത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. അവസാന സീസണിലാണ് ലിവര്‍പൂളില്‍ നിന്നും 35 ദശലക്ഷം ഡോളറിന് മാനേ ബയേണിലെത്തിയത്. എന്നാല്‍ ലിവര്‍ നിരയില്‍ കത്തി കളിച്ചിരുന്ന മാനേക്ക് ആ ഫോമിന്റെ നാലയലത്ത് എത്താന്‍ ബയേണില്‍ കഴിഞ്ഞിരുന്നില്ല. ലിറോയ് സാനേയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ക്ലബും താരവും കൂടുതല്‍ അകന്നു. ബുണ്ടസ് ലീഗില്‍ 38 മല്‍സരങ്ങളില്‍ കളിച്ചിരുന്നു.