X

ഭാവിപരിപാടി മന്ദിര്‍ മസ്ജിദ് തര്‍ക്കങ്ങള്‍ തന്നെ-ഡോ. പുത്തൂര്‍ റഹ്മാന്‍

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രി പഥത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ ഞായറാഴ്ച ലഖ്‌നൗവില്‍ ചേരുകയുണ്ടായി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ റോഡ്മാപ്പ് രൂപപ്പെടുത്താനുള്ളതെന്നു വിശേഷിപ്പിച്ച യോഗത്തില്‍ മുഖ്യമന്ത്രി ഭാവി പദ്ധതികള്‍ വെളിപ്പെടുത്തുന്ന പ്രസംഗമാണ് നടത്തിയത്. ബി.ജെ.പി രാഷ്ട്രീയം അമ്പലംപള്ളി തര്‍ക്കങ്ങളില്‍ കേന്ദ്രീകരിക്കുമെന്നു തന്നെ അദ്ദേഹത്തിന്റെ യോഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നു.

ഒന്നര വര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ യു.പിയില്‍ നിന്നും ബി.ജെ.പിക്ക് എഴുപത്തിയഞ്ച് സീറ്റുകള്‍ എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തത് അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചതിന് ശേഷം നമുക്ക് കാശിയുടെ വീണ്ടെടുപ്പാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ്. മഥുര വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം തുടങ്ങിയ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളും വീണ്ടും ഉണരുകയാണ്. ഈ സാഹചര്യത്തില്‍ നമുക്കൊരുമിച്ചു ഒരിക്കല്‍ കൂടി മുന്നേറേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മഥുരയിലെയും വരാണസിയിലെയും തര്‍ക്കങ്ങളെക്കുറിച്ചുള്ള നിയമനടപടികള്‍ക്കിടയിലാണ് യോഗിയുടെ ഈ പരാമര്‍ശം.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് വിഹിതം ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണങ്ങളുടെ സ്വഭാവം അടിവരയിടുന്നതാണ് യോഗിയുടെ പ്രസ്താവന. ഇന്ത്യയിലെ പ്രധാനപ്പെട്ട മുസ്‌ലിം ആരാധനാലയങ്ങള്‍ മുമ്പ് ഹൈന്ദവ ക്ഷേത്രങ്ങളായിരുന്നുവെന്നും അവ തിരിച്ചുപിടിച്ച് ക്ഷേത്രങ്ങളാക്കി പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രചാരണം ബി.ജെ.പി നടത്തും. അങ്ങനെ ചെയ്യുന്നതിലൂടെ, കൂടുതല്‍ മുസ്‌ലിം വിരുദ്ധ, ഹിന്ദു ഏകീകരണം ബി.ജെ.പി പ്രതീക്ഷിക്കുന്നു. മന്ദിര്‍ മസ്ജിദ് പ്രശ്‌നം അധികാരത്തിലേക്കുള്ള ടിക്കറ്റാണ്. ഗ്യാന്‍വ്യാപി മസ്ജിദും വരരാണസി കോടതിയുടെ വിധിയുമാണല്ലോ പോയവാരം പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം. നാളേക്കുള്ള വിഷയമായി മധുര മസ്ജിദും കുത്തബ്മിനാറും താജ്മഹലും വഴിയേവരും. അനേകം പള്ളികളുടെ പേരില്‍ നിലവിലുള്ള അവകാശവാദങ്ങളും പ്രാദേശികമായി ഏറ്റെടുക്കപ്പെടുകയും പ്രധാന രാഷ്ട്രീയ കാര്യപരിപാടിയുടെ രൂപം ആര്‍ജിക്കുകയും ചെയ്യുമെന്നു തന്നെ കരുതണം. രേഖകളുടെ ഒരു പിന്‍ബലവുമില്ലാതെ ബാബരി മസ്ജിദ് പൊളിച്ചുമാറ്റപ്പെട്ടപ്പോള്‍ ഇതൊരു തുടക്കം മാത്രമെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുതിയ ഗതി തിരിച്ചറിയുന്നവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

രാജ്യത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച 1991ലെ നിയമത്തെ അട്ടിമറിക്കുന്നതാണ് വരാണസി കോടതിയുടെ വിധി. ചരിത്ര പ്രസിദ്ധമായ ഗ്യാന്‍വാപി മസ്ജിദ് സമുച്ഛയത്തില്‍ ശിവലിംഗം കണ്ടെത്തി എന്നാരോപിച്ചാണ് പള്ളിയുടെ ഒരു ഭാഗം അടച്ചിടാന്‍ പ്രാദേശിക കോടതി ഉത്തരവിട്ടിരിക്കുന്നത്. സുപ്രീംകോടതി അത് ശരി വെക്കുകയും, പക്ഷേ മുസ്‌ലിംകളെ പ്രാര്‍ത്ഥന നടത്തുന്നതില്‍ നിന്നും തടയരുതെന്നു കൂട്ടിച്ചേര്‍ത്തു കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുടെ പാര്‍ലിമെന്റ് പാസാക്കിയ 1991ലെ നിയമം രാജ്യത്തെ ആരാധനാലയളങ്ങളുടെ കാര്യത്തില്‍ 1947 ആഗസ്ത് 15ലെ തല്‍സ്ഥിതി തുടരണമെന്നതാണ്. ഇത്തരം കേസുകള്‍ വന്നാല്‍ കോടതികളവ പരിഗണിക്കാന്‍ പാടില്ലെന്നും പാര്‍ലമെന്റ് പാസാക്കിയ ബില്ലിലുണ്ട്. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതിയില്‍ പരിഗണിക്കുന്നത് ബാബരി കേസുമായി ബന്ധമുള്ളവരാണ്. 2019ല്‍ മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനും മുസ്‌ലിംകള്‍ക്കു പള്ളി പണിയാന്‍ പുറത്തു അനുയോജ്യമായ സ്ഥലം കണ്ടെത്തി സൗകര്യമൊരുക്കാനും ഉത്തരവിട്ട സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളായിരുന്നു ചന്ദ്രചൂഡ്. കേസിലെ അഭിഭാഷകനായിരുന്നു ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജി നരസിംഹം. ഈ രണ്ടു ന്യായാധിപരും ഭാവി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്മാരാണ്, ഇവരാണ് ഈ കേസില്‍ തീര്‍പ്പു കല്‍പിക്കേണ്ടവര്‍.

മധുര ഈദ് ഗാഹ് മസ്ജിദ് ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലമാണെന്ന് കാണിച്ചു മധുര കോടതിയില്‍ കേസുനടക്കുന്നുണ്ട്. ഖുതുബ് മിനാറും താജ്മഹലുമടക്കം ക്ഷേത്രങ്ങള്‍ തകര്‍ത്തു പണിതവയാണെന്ന കേസുകള്‍ വന്നിട്ടുണ്ട്. ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയെന്നു പറയുന്ന ശിവലിംഗം അംഗശുദ്ധി വരുത്താന്‍ രൂപപ്പെടുത്തിയ ജലധാരയാണെന്ന സത്യം കാശി ക്ഷേത്രത്തിലെ സന്യാസിമാര്‍ പോലും സ്ഥിരീകരിക്കുമ്പോഴാണവിടെ സര്‍വേ നടന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കാശി ക്ഷേത്രത്തിലെ സന്യാസിമാരായ രാജേന്ദ്ര തിവാരിയും ഗണേശ് ശങ്കറും പറയുന്നത് ഞങ്ങള്‍ കുട്ടിക്കാലം മുതലേ കണ്ടുവരുന്നതാണ് ആ ജലധാരയെന്നും അതിനെ ശിവലിംഗമായി കരുതാനാവില്ലെന്നുമാണ്. സന്യാസിമാര്‍ പറയുന്ന മറ്റൊരു യാഥാര്‍ഥ്യം കൂടിയുണ്ട് കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനിടയില്‍ ഒട്ടേറെ ചെറിയ അമ്പലങ്ങളും ശിവലിംഗങ്ങളും പ്രതിമകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നും ആരും ഗൗനിക്കുകയോ പരാമര്‍ശിക്കപ്പെടുന്നോ ഇല്ല. ഇതില്‍ നിന്നും മനസിലാകുന്ന ഒരു കാര്യം സംഘപരിവാര്‍ നടത്തുന്ന ഈ നിയമയുദ്ധം ഹിന്ദുക്കള്‍ക്ക് വേണ്ടിയോ ശിവനു വേണ്ടിയോ അല്ലെന്നുള്ളതാണ്. രാജ്യത്തെ വീണ്ടുമൊരു ഹിന്ദു മുസ്‌ലിംമന്ദിര്‍ മസ്ജിദ് തര്‍ക്കങ്ങളുടെ വിളനിലമാക്കാനുള്ള പദ്ധതിയാണിവ. ഇപ്പോഴത്തെ കോടതി വിധി മുസ്‌ലിം സമുദായത്തില്‍ വലിയതോതില്‍ ആശയക്കുഴപ്പം സൃഷ്ട്ടിച്ചുകഴിഞ്ഞു.

ഉത്തരേന്ത്യയിലെ ചില മസ്ജിദ് കമ്മിറ്റികള്‍ പള്ളികള്‍ക്കുള്ളിലെ ശിലാനിര്‍മിത സാമഗ്രികള്‍ (മീസാന്‍ കല്ലടക്കം) മറ്റേതെങ്കിലും രൂപത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചു ആലോചിക്കുന്നതായി പോലും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഈ മാസം പതിനാറിനു യു.പിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയില്‍ നടന്ന അതിക്രൂരമായ ഒരു പോലീസ് നടപടി കൂടി ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഒരാഴ്ച കഴിഞ്ഞു നടക്കുന്ന സഹോദരിയുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ബോംബെയില്‍ നിന്നെത്തിയ അബ്ദുറഹിമാന്‍ എന്ന യുവാവിനെ ഗോഹത്യയുടെ പേരില്‍ അറസ്റ്റുചെയ്യാന്‍ വന്ന യു.പി പോലീസ് അതിനെ ചോദ്യം ചെയ്ത അബ്ദുറഹിമാന്റെ ഉമ്മയെ വീട്ടില്‍വെച്ചു തന്നെ വെടിവെച്ചു കൊന്നു. ഇതിലൊന്നും പ്രതികരിക്കാന്‍ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയാറാവാത്തതു തന്നെ ഇത്തരം ചെയ്തികള്‍ക്ക് അവര്‍ കൂടി വളം വെക്കുന്നുവെന്നതിന്റെ തെളിവാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. മുസ്‌ലിം വിരുദ്ധ കുപ്രചാരണം അന്തസുകെട്ട രൂപത്തിലേക്കു കടക്കുകയാണ്. ആര്‍.എസ്.എസ് മേധാവി പോലും എല്ലാ പള്ളിയിലും ശിവലിംഗം തിരയേണ്ട കാര്യമില്ലെന്നു പറയുന്നു. ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറിന് ആയിരം രൂപ കടന്നു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം ദൈനംദിനം കുതിച്ചുകേറുന്നു. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നു. ഉന്നത വിദ്യാഭ്യാസം രാജ്യത്തെ മഹാഭൂരിപക്ഷത്തിനും ഇന്നും ഒരു ആഡംബരമാണ്. നിജസ്ഥിതികളിങ്ങനെയായിരിക്കേ എങ്ങനെ അധികാരത്തില്‍ തിരിച്ചെത്തും? ഉത്തരം ലളിതം, ഹിന്ദുക്കളുടെ മിശിഹയായി വേഷമിടുക. തെറ്റായ വിവരണം ജനങ്ങള്‍ക്ക് നല്‍കുകയും അവരുടെ സംസ്‌കാരത്തെ സംരക്ഷിക്കുന്ന നായകന്മാരായി സ്വയം അവതരിപ്പിക്കുകയും ചെയ്യുക. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ശ്രീലങ്കക്കാര്‍ ഏറെനേരം ഇതില്‍ വീണു. അക്കണക്കിന്, ഭാവി ഇരുണ്ടതാണ് എന്നു പേടിക്കാതെ വയ്യ. ശ്രീലങ്കയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ കാണുന്നുണ്ടെന്നുള്ള മുന്നറിയിപ്പ് നല്‍കിയത് മുമ്പത്തെ ഘടകകക്ഷിയായ ശിവസേനയുടെ നേതാവാണ്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, രാജ്യത്തെ സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. 2014ലെ അങ്കപ്പുറപ്പാടിനിടയില്‍ പോലും നരേന്ദ്ര മോദി അയോധ്യ ഒരു മുഖ്യ പ്രചാരണ വിഷയമാക്കിയിരുന്നില്ല. 1980കളില്‍ വെറും രണ്ടംഗ പാര്‍ട്ടിയായിരുന്ന ബി.ജെ.പിയെ രാമജന്മഭൂമി പ്രക്ഷോഭം ഇന്ത്യയില്‍ അധികാരത്തിലേറ്റിയത് എല്‍.കെ അദ്വാനി പറഞ്ഞുനടന്ന അക്കാലത്ത് അയോധ്യയുടെ പ്രാധാന്യം കുറച്ചുകാണാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. അന്ന് നരേന്ദ്ര മോദിയുടെ പ്രചാരണ വാഹനം ഫൈസാബാദ് വരെ എത്തിയെങ്കിലും അയോധ്യയിലേക്ക് കയറാതെയാണ് തിരികെ പോയത്. ഗുജറാത്ത് മോഡലും വികസന, അഛേ ദിന്‍, തൊഴില്‍ദാന, പെട്രോള്‍ വില വായ്ത്താരികളും കൊണ്ട് ജയിച്ചുകയറാമെന്ന് ഉറപ്പുണ്ടായിരുന്ന മോദി രാമക്ഷേത്ര നിര്‍മാണമെന്ന പാര്‍ട്ടിയുടെ അടിസ്ഥാന ആശയം മാറ്റിവയ്ക്കുകയായിരുന്നു.

അയോദ്ധ്യ ബി.ജെ.പിക്കു സാധ്യമാക്കിയ രാഷ്ട്രീയവിജയം അതേ പോലെ ആവര്‍ത്തിക്കാനുള്ള അടുത്ത ഇന്ധനമായാണ് കാശിയിലും മഥുരയിലും ഇപ്പോഴവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യാനും പരിസരം മുഴുവന്‍ കത്രകേശവദേവ് ക്ഷേത്രത്തിന് കൈമാറാനും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ മഥുര കോടതി തീരുമാനിച്ചതായാണ് മറ്റൊരു വാര്‍ത്ത. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മയും പാര്‍ട്ടിയുടെ മീഡിയ ഇന്‍ചാര്‍ജ് നവീന്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങളും അതുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി നാടകങ്ങളും ഭിന്നതയുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ രൂപമാണ്. പ്രസ്താവന നടത്തിയവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചവരാണെങ്കില്‍ ഉപരിപ്ലവമായ നടപടിനാടകത്തിലൂടെ പാര്‍ട്ടി നേതൃത്വം അതുകത്തിച്ച് നിര്‍ത്തുകയാണ്. ലോക മഹാശക്തികളുമായി തോളില്‍ കൈയ്യിടാന്‍ ആഗ്രഹിക്കുന്ന ഒരു ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ അടിത്തറ ഇത്തരം തര്‍ക്കങ്ങളായിരിക്കുകയും അതിന്റെ പേരിലുള്ള കലാപങ്ങളായിരിക്കുകയും ചെയ്യുന്നതിലെ അനര്‍ത്ഥമെങ്കിലും പ്രധാനമന്ത്രിയുടെ ഉപദേശകര്‍ക്കു മനസിലാവേണ്ടതല്ലേ.?. പഴയതിനെ പ്രേരിപ്പിക്കുമോ? ഹിന്ദുമുസ്‌ലിം ഭിന്നതയിലും മന്ദിര്‍ മസ്ജിദ് രാഷ്ട്രീയത്തിലും പാഴാക്കേണ്ടതല്ല ഇനിയെങ്കിലും ഇന്ത്യയുടെ ഭാവി.

Chandrika Web: