അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സഊദിയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നാളെ മുതല്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുണ്യനഗരങ്ങളായ മക്കയിലും പ്രവാചക നഗരിയായ മദീനയിലും വിശുദ്ധ ഹറമുകളിലും രാജ്യത്തെ എല്ലാ പള്ളികളിലും സാമൂഹിക അകലം പാലിക്കാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയവും നിര്‍ദേശം നല്‍കി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ മന്ത്രാലയങ്ങള്‍ തീരുമാനിച്ചത്.
ആഗോള, പ്രാദേശിക തലങ്ങളിലുള്ള കോവിഡ് വ്യാപന സാധ്യതകളെ കുറിച്ച് സഊദി ആരോഗ്യ മന്ത്രാലയവും മറ്റു മന്ത്രാലയങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി. ഡിസംബര്‍ 30 വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. കോവിഡ് വ്യാപനം തടയുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ പ്രതിരോധ നടപടികളുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ ഉണ്ടാകും. കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ ബൂസ്റ്റര്‍ ഡോസ് അടക്കം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മക്കയിലും മദീനയിലും തീര്‍ത്ഥാടകരും സന്ദര്‍ശകരും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയമം പുനസ്ഥാപിച്ചതായി ഇരു ഹറം കാര്യാലയവും അറിയിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയുടെ ഭാഗമാണ് തീരുമാനം. ഉംറയുടെ കര്‍മങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. ത്വവാഫിലും സഅയിലും നിസ്‌കാരങ്ങളിലും പ്രാര്‍ത്ഥനകളിലും അകലം പാലിക്കണം. മുന്‍കൂട്ടി അനുമതി നേടല്‍ , ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കല്‍ എന്നിവയും പുണ്യ നഗരങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ബാധകമായിരിക്കും.
അതിനിടെ ഇന്നലെയും സഊദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 766 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതായും 231 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.42 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്. കോവിഡ് വ്യാപനത്തെ ശാസ്ത്രീയമായ രീതിയില്‍ പ്രതിരോധിച്ച രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 25 ല്‍ താഴെയായിരുന്നു. ഇതോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഒക്‌ടോബര്‍ 17 മുതല്‍ ഇളവ് നല്‍കിയിരുന്നു . മാളുകളിലും ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലും മാത്രമായിരുന്നു മാസ്‌ക് നിര്‍ബന്ധമുണ്ടായിരുന്നത്. ഇനിമുതല്‍ രാജ്യത്തെ കടകളിലും വ്യാപാര കേന്ദ്രങ്ങളിലും കയറാന്‍ തവല്‍ക്കനയോടൊപ്പം മാസ്‌കും നിര്‍ബന്ധമാകും.