അബുദാബി: യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മധ്യാഹ്ന വിശ്രമം ഈ മാസം 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
കടുത്ത വേനല്‍ചൂടില്‍നിന്നും തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2004 മുതല്‍ ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ചു ജൂണ്‍ 15മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 നും 3 നും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ചു തൊഴിലാളികളെക്കൊണ്ട് ഈ സമയങ്ങളില്‍ ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തും.
മധ്യാഹ്ന വിശ്രമനേരത്ത് ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ തണല്‍ സ്ഥലങ്ങള്‍ നല്‍കണം. രാവിലെയോ വൈകുന്നേരമോ രണ്ട് ഷിഫ്റ്റുകളിലോ ആയി നല്‍കുന്ന ജോലി പരമാവധി എട്ട് മണിക്കൂറില്‍ കവിയരുതെന്നും അധികൃതര്‍ അറിയിച്ചു. എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍ അത് ഓവര്‍ടൈം വേതനമായി കണക്കാക്കും.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരമപ്രധാനമാണ്.സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഇന്‍സ്പെക്ഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മൊഹ്സെന്‍ അല്‍നാസി പറഞ്ഞു.