X

ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി

മാഞ്ചസ്റ്റര്‍: ഇന്ന് സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബി. മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. അഥവാ ടെന്‍ ഹാഗനും പെപ് ഗുര്‍ഡിയോളയും മുഖാമുഖം. സിറ്റിയുടെ വേദിയായ എമിറേറ്റ്‌സിലാണ് മല്‍സരം. നിലവില്‍ സിറ്റിക്കാര്‍ ഏഴ് മല്‍സരങ്ങളില്‍ 17 പോയന്റില്‍ മൂന്നാമതും യുനൈറ്റഡ് ഇത്രയും മല്‍സരങ്ങളില്‍ അഞ്ചാമതും നില്‍ക്കുന്നു.

യുനൈറ്റഡില്‍ കരുത്തനായി സീനിയര്‍ സ്‌ട്രൈക്കര്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുണ്ടെങ്കില്‍ സിറ്റിയുടെ കരുത്ത് യുവ ഗോള്‍ വേട്ടക്കാരന്‍ ഏര്‍ലിന്‍ ഹലാന്‍ഡാണ്. ചില്ലറ പരുക്ക് പ്രശ്‌നങ്ങള്‍ ടീമുകളെ വേട്ടയാടുന്നുണ്ട്. ഡിഫന്‍ഡര്‍ ജോണ്‍ സ്‌റ്റോണസിന്റെ സേവനം ഇന്ന് സിറ്റിക്കില്ല. യുനൈറ്റഡിനാവട്ടെ നായകന്‍ ഹാരി മക്ഗ്വയറുമില്ല. പേശീവലിവില്‍ പുറത്തായിരിക്കുകയാണ് ക്യാപ്റ്റന്‍. നായകന് പകരം കോച്ച് രംഗത്തിറക്കുക ഒന്നുങ്കില്‍ ആന്റണി മാര്‍ഷലിനെയോ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയോ ആയിരിക്കും.

മോശമായിരുന്നു സീസണില്‍ യുനൈറ്റഡിന്റെ തുടക്കം. രണ്ട് തോല്‍വികളില്‍ ഒരു ഘട്ടത്തില്‍ ടേബിളില്‍ അവസാന സ്ഥാനത്ത്. പിന്നെ കരുത്തരായി തിരികെ വന്നു. സിറ്റിക്ക് ഒരു മല്‍സരത്തില്‍ പിഴച്ചിരുന്നു. അതാണ് ആഴ്‌സനല്‍ ഉപയോഗപ്പെടുത്തിയതും. മാഞ്ചസ്റ്റര്‍ അങ്കങ്ങളുടെ സമീപകാല ചരിത്രമെടുത്താല്‍ പെപിന്റെ സംഘമാണ് മുന്നില്‍. ഇത്തവണ അവരുടെ കുന്തമുനയെന്നാല്‍ ഹലാന്‍ഡാണ്. എല്ലാ മല്‍സരങ്ങളിലും സ്‌ക്കോര്‍ ചെയ്യുന്നു നോര്‍വെക്കാരന്‍. എങ്ങനെ ഈ വേഗക്കാരനെ പിടിച്ചുകെട്ടുമെന്നതാണ് യുനൈറ്റഡ് ഡിഫന്‍സിനുള്ള തലവേദന. സി.ആര്‍ ഫോമിലെത്തുകയെന്നതാണ് യുനൈറ്റഡ് ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യം. സീസണില്‍ യഥാര്‍ത്ഥ ഫോമിലേക്ക് പോര്‍ച്ചുഗലുകാരന്‍ ഇത് വരെ എത്തിയിട്ടില്ല. ഒരു വേള കോച്ച് അദ്ദേഹത്തെ സ്ഥിരമായി മാറ്റിനിര്‍ത്തുന്നതില്‍ വരെ കാര്യങ്ങളെത്തിയിരുന്നു.

Test User: