X
    Categories: More

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുതിയ വല സംരക്ഷകന്‍ വേണം; ഡൊണാറുമ്മ, എമേഴ്‌സണ്‍ പരിഗണനയില്‍

ലണ്ടന്‍: വില്ലി കബായെറോയെ ക്ലബ്ബ് വിടാന്‍ അനുവദിച്ച മാഞ്ചസ്റ്റര്‍ സിറ്റി പുതിയ ഗോള്‍കീപ്പറെ കണ്ടെത്താനുള്ള തെരച്ചിലില്‍. എ.സി മിലാന്റെ 19-കാരന്‍ ഗ്യാന്‍ലുയ്ജി ഡൊണാറുമ്മയെ സ്വന്തമാക്കാന്‍ ശ്രമങ്ങളാരംഭിച്ച സിറ്റി ബെന്‍ഫിക്കയുടെ എഡേഴ്‌സനു വേണ്ടിയും നീക്കങ്ങള്‍ നടത്തുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെന്‍ഫിക്കയെ പോര്‍ച്ചുഗീസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എഡേഴ്‌സനെ വിട്ടുകിട്ടാന്‍ കുറഞ്ഞത് 38 ദശലക്ഷം പൗണ്ടെങ്കിലും നല്‍കേണ്ടി വരുമെന്നാണ് സൂചന. ബ്രസീലുകാരനായ എഡേഴ്‌സനു വേണ്ടി മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തുണ്ട്.

ബാല്യകാലം മുതല്‍ എ.സി മിലാനൊപ്പമുള്ള ഡൊണാറുമ്മ തന്നെയാണ് സിറ്റിയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍, എ.സി മിലാന്‍ വന്‍തുക ആവശ്യപ്പെട്ടാല്‍ ഇറ്റാലിയന്‍ താരത്തിനു പകരം 23-കാരനായ എമേഴ്‌സണെ വാങ്ങാനാണ് പദ്ധതി.
പെപ് ഗ്വാര്‍ഡിയോള പരിശീലകനായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഗോള്‍കീപ്പിങ് പ്രതിസന്ധി ആരംഭിച്ചത്. സ്ഥിരം കീപ്പറായിരുന്ന ജോ ഹാര്‍ട്ടുമായി ഉടക്കിയ ഗ്വാര്‍ഡിയോള, ബാര്‍സലോണയില്‍ തന്റെ പ്രിയതാരമായിരുന്ന ക്ലോഡിയോ ബ്രാവോയെ സിറ്റിയിലെത്തിച്ചു. എന്നാല്‍, പ്രതീക്ഷിച്ച മികവ് പുലര്‍ത്താതിരുന്നതും ചില വന്‍ വീഴ്ചകള്‍ വരുത്തിയതും കാരണം പെപ്പിന് ചിലിയന്‍ കീപ്പറെ മാറ്റേണ്ടി വന്നു. കഴിഞ്ഞ ജനുവരി മുതല്‍ മിക്ക മത്സരങ്ങളിലും സിറ്റിയുടെ വലകാത്തത് അര്‍ജന്റീനക്കാരനായ വെറ്ററന്‍ കീപ്പര്‍ വില്ലി കബായെറോ ആണ്. 35-കാരനായ കബായെറോയെ, കരാര്‍ കാലാവധി കഴിഞ്ഞതോടെ ഗ്വാര്‍ഡിയോള ക്ലബ്ബ് വിടാന്‍ അനുവദിക്കുകയായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ടോറിനോയില്‍ കളിക്കുന്ന ജോ ഹാര്‍ട്ട്, അടുത്ത സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുണ്ടായേക്കുമെന്നാണ് സൂചന. എവര്‍ട്ടന്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ 30-കാരനില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം കീപ്പറാവണമെങ്കില്‍ ഇംഗ്ലണ്ടില്‍ കളിക്കണമെന്ന് ഹാര്‍ട്ട് കണക്കുകൂട്ടുന്നതായാണ് വാര്‍ത്തകള്‍.

chandrika: