X

ഗുണ്ടോഗന്‍ രണ്ടടിച്ചു; ബാര്‍സയോട് പകരം വീട്ടി മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാംഘട്ട ഗ്രൂപ്പ് പോരാട്ടത്തില്‍ ബാഴ്സിലോണയെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി പകരം വീട്ടി. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്സയെ വീഴ്ത്തിയത്. 21-ാം മിനുട്ടില്‍ നെയ്മറിന്റെ പാസില്‍ നിന്ന് ലയണല്‍ മെസ്സി ബാര്‍സയെ മുന്നിലെത്തിച്ചെങ്കിലും ഇല്‍കെ ഗുണ്ടോഗന്റെ ഇരട്ട ഗോളുകളും കെവിന്‍ ഡിബ്രുയ്നെയുടെ തകര്‍പ്പന്‍ ഗോളുമാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്.

ചാമ്പ്യന്‍സ് ലീഗിലെ 90-ാം ഗോളാണ് മെസ്സി സിറ്റിക്കെതിരെ സ്വന്തമാക്കിയത്. ആദ്യ പകുതി അവസാനിക്കാന്‍ ആറ് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ജര്‍മന്‍ താരം ഇല്‍കെ ഗുണ്ടോഗന്‍ സിറ്റിയുടെ സമനില ഗോള്‍ നേടി. 51-ാം മിനുട്ടില്‍ കെവിന്‍ ഡിബ്രുയ്നെയുടെ തകര്‍പ്പന്‍ ഗോളാണ് സിറ്റിക്ക് അപ്രതീക്ഷിത ലീഡ് നല്‍കിയത്. സമനില ഗോളിനായി ബാര്‍സ ആഞ്ഞുശ്രമിക്കുന്നതിനിടെ, 74ാം മിനിറ്റില്‍ ഗുണ്ടോഗന്‍ സന്ദര്‍ശകരുടെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ചു.

 

ഗ്രൂപ്പ് സിയില്‍ ഇരുടീമുകളും തമ്മില്‍ കഴിഞ്ഞ മാസം ഏറ്റുമുട്ടിയപ്പോള്‍ ലയണല്‍ മെസ്സിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ബാഴ്സ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

ഇന്നലെത്തെ മത്സരം പരാജയപ്പെട്ടെങ്കിലും നാലു കളികളില്‍ നിന്ന് ഒമ്പതു പോയിന്റുള്ള ബാഴ്സ തന്നെയാണ് സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍. ഏഴു പോയിന്റ് നേടി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. നാലു പോയിന്റ് സ്വന്തമാക്കിയ ബൊറുഷ്യ ഗ്ലാദ്ബാഷ് മൂന്നാം സ്ഥാനത്തും രണ്ടും പോയിന്റുമായി സെല്‍ട്ടിക്ക് നാലാം സ്ഥാനത്തുമാണുള്ളത്

Watch Video:

Web Desk: