ലണ്ടന്‍: സീസണില്‍ നാലു കിരീടമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്വപ്‌നം തകര്‍ത്ത് വിഗാന്‍ അത്‌ലറ്റിക്. എഫ്.എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തില്‍ വിഗാന്റെ ഗ്രൗണ്ടില്‍ ഒരു ഗോളിനാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം തോല്‍വിയറിഞ്ഞത്. 79-ാം മിനുട്ടില്‍ വില്ല്യം ഗ്രിഗ്ഗിന്റെ ഗോളിലായിരുന്നു വിഗാന്റെ ശ്രദ്ധേയ ജയം. ആദ്യ പകുതിയുടെ അവസാനത്തില്‍ ഫാബിയന്‍ ഡെല്‍ഫ് ചുവപ്പു കാര്‍ഡ് കണ്ടതോടെ സിറ്റി പത്തു പേരായി ചുരുങ്ങിയിരുന്നു.
നിര്‍ണായക മത്സരത്തിന് ശക്തരായ ടീമിനെ തന്നെയാണ് പെപ് ഗ്വാര്‍ഡിയോള ഇറക്കിയതെങ്കിലും വിഗാന്‍ ഡിഫന്‍സിന്റെയും ഗോള്‍കീപ്പര്‍ ക്രിസ്റ്റ്യന്‍ വാല്‍ഗന്റെയും മികവ് സന്ദര്‍ശകര്‍ക്ക് ഗോള്‍ നിഷേധിച്ചു. ഇടവേളക്കു പിരിയുന്നതിനു തൊട്ടുമുമ്പ് പന്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മാക്‌സ് പവറിനെ ഫൗള്‍ ചെയ്തതിനാണ് ഡെല്‍ഫ് ചുവപ്പു കാര്‍ഡ് കണ്ടത്. റഫറി ആദ്യം മഞ്ഞക്കാര്‍ഡാണ് പുറത്തെടുത്തതെങ്കിലും പിന്നീട് ചുവപ്പു കാണിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കി.
സിറ്റിയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടെ പ്രതിരോധത്തില്‍ ഡാനിലോ വരുത്തിയ പിഴവാണ് സിറ്റിക്ക് തിരിച്ചടിയായത്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്രസീല്‍ താരം വരുത്തിയ വീഴ്ച മുതലെടുത്ത് ഓടിക്കയറിയ വില്ല്യം ഗ്രിഗ്ഗ് സിറ്റി കീപ്പര്‍ ക്ലോഡിയോ ബ്രാവോയെ നിസ്സഹായനാക്കി ലക്ഷ്യം കാണുകയായിരുന്നു.
സിറ്റി പുറത്തായതോടെ എഫ്.എ കപ്പ് കിരീടപ്പോരില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലെസ്റ്റര്‍ സിറ്റി, ടോട്ടനം ഹോട്‌സ്പര്‍ തുടങ്ങിയ ടീമുകള്‍ക്ക് സാധ്യതയേറി.