ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ജയമില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി, പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സതാംപ്ടണോട് സമനില വഴങ്ങി. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ 1-1 നാണ് സതാംപ്ടണ്‍ ആതിഥേയരെ തളച്ചത്.
ജയിച്ചാല്‍ പ്രീമിയര്‍ ലീഗ് ടേബിളിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കായിരുന്ന സിറ്റി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും 27-ാം മിനുട്ടില്‍ നതാന്‍ റെഡ്മണ്ടിന്റെ ഗോളില്‍ പിന്നിലാവുകയായിരുന്നു.
55-ാം മിനുട്ടില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് കെലിച്ചി ഇഹ്യാനാച്ചോ സമനില ഗോള്‍ നേടിയെങ്കിലും വിജയം പിടിച്ചെടുക്കാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്കായില്ല.
സെല്‍റ്റിക്കില്‍ തുടങ്ങിയ ശനിദശ
പെപ് ഗ്വാര്‍ഡിയോള പരിശീലകനായി എത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിലവാരം മറ്റ് ഇംഗ്ലീഷ് ക്ലബ്ബുകളേക്കാള്‍ ഉയര്‍ന്നുവെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. അത് ശരിവെക്കുംവിധം പ്രീമിയര്‍ ലീഗില്‍ ആദ്യം കളിച്ച ആറ് മത്സരങ്ങളും സിറ്റി ആധികാരികമായി ജയിച്ചു.
കഷ്ടകാലം തുടങ്ങിയത് ചാമ്പ്യന്‍സ് ലീഗില്‍ സെല്‍റ്റിക്കിനെ നേരിട്ടപ്പോഴാണ്. സ്വന്തം തട്ടകത്തില്‍ സെല്‍റ്റിക് ഇംഗ്ലീഷ് ടീമിനെ 3-3 ന് സമനിലയില്‍ പൂട്ടി. പിന്നാലെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനോട് അവരുടെ ഗ്രൗണ്ടില്‍ രണ്ടു ഗോളിന്റെ തോല്‍വി. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനോട് സ്വന്തം ഗ്രൗണ്ടില്‍ വഴങ്ങിയ 1-1 സമനിലയായിരുന്നു അടുത്തത്. താന്‍ മുമ്പ് പരിശീലിപ്പിച്ച ബാര്‍സലോണയിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി ടീമുമായി ചാമ്പ്യന്‍സ് ലീഗിന് വിമാനം കയറിയ ഗ്വാര്‍ഡിയോള എതിരില്ലാത്ത നാലു ഗോളിന്റെ തോല്‍വിയോടെയാണ് മടങ്ങിവന്നത്. ഒടുവിലിപ്പോള്‍ സ്വന്തം ഗ്രൗണ്ടില്‍ ദുര്‍ബലരായ സതാംപ്ടണിനെതിരെ സമനിലയും.
ഹാര്‍ട്ടിന്റെയും ടൂറെയുടെയും ശാപം?
ഗ്വാര്‍ഡിയോള സിറ്റിയിലെത്തുംവരെ ടീമിലെ പ്രധാന താരങ്ങളായിരുന്നു മിഡ്ഫീല്‍ഡര്‍ യായ ടൂറെയും ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടും. എന്നാല്‍, പുതിയ കോച്ചിന് ഇരുതാരങ്ങളെയും കണ്ണില്‍പിടിക്കാതെയായി. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ഗോള്‍കീപ്പറായ ജോ ഹാര്‍ട്ടിനോട് ഗ്വാര്‍ഡിയോള ടീം വിടാനാവശ്യപ്പെട്ടു. മുമ്പ് ബാര്‍സലോണയില്‍ താനുമായി ഉടക്കി ക്ലബ്ബ് വിട്ട ടൂറെയെ തുടര്‍ച്ചയായി ബെഞ്ചിലിരുത്തുകയും ചെയ്തു. ടൂറെയുടെ ഏജന്റ് ഇതേപ്പറ്റി പ്രതികരിച്ചപ്പോള്‍ ഗ്വാര്‍ഡിയോള അത് വിഷയമാക്കി. മാപ്പു പറയാതെ ടൂറെയെ കളിപ്പിക്കില്ലെന്നായി.
ഏതായാലും, യുവതാരങ്ങളുമായി കളിക്കിറങ്ങിയ ഗ്വാര്‍ഡിയോളക്ക് തുടരെ പിഴക്കുന്നതാണ് ഇപ്പോള്‍ കണ്ടത്. അറബ് ഉടമസ്ഥതയിലുള്ള ടീം ഉടന്‍ ഫോമില്‍ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.