X

സണ്‍ഡേ ഹീറോസ് മാഞ്ചസ്റ്റര്‍ സിറ്റിയോ ലിവര്‍പൂളോ? പ്രീമിയര്‍ ലീഗ് ജേതാക്കളെ ഇന്നു രാത്രിയറിയാം

ലണ്ടന്‍: ആഹ്ലാദത്തിലാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍. യൂറോപ്പിന്റെ ഫുട്‌ബോള്‍ ഭാഗധേയം നിര്‍ണയിക്കുന്നവരാണവര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. യൂറോപ്പ ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. ഇംഗ്ലീഷ് ആധിപത്യം ശക്തമായി നില്‍ക്കവെ അവരുടെ സ്വന്തം ലീഗായ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശദിനം. ആദ്യാവസാനം ആവേശഭരിതമായി നീങ്ങിയ ലീഗില്‍ ഒന്നാം സ്ഥാനക്കാരെ ഇന്ന് രാത്രിയ അറിയാം. വ്യക്തമായ സാധ്യതയുമായി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഭാഗ്യത്തിന്റെ കടാക്ഷം പ്രതീക്ഷിച്ച് ലിവര്‍പൂളും.
37 മല്‍സരങ്ങളാണ് എല്ലാവരും പൂര്‍ത്തിയാക്കിയിരിക്കുന്നത്. സിറ്റിക്ക് 95 ഉം ലിവറിന് 94 ഉം പോയിന്റ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സിക്ക് 71, നാലില്‍ നില്‍ക്കുന്ന ടോട്ടനത്തിന് 70. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് എന്നിരിക്കെ നാലാമത് നില്‍ക്കുന്ന ടോട്ടനത്തെ വെട്ടാന്‍ ചിലപ്പോള്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനലിന് കഴിഞ്ഞേക്കാം-എല്ലാം ഇന്നത്തെ മല്‍സരങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇന്ന് ബ്രൈട്ടണുമായാണ് സിറ്റിയുടെ മല്‍സരം. കിരീടം സ്വന്തമാക്കാന്‍ അവര്‍ക്ക്് ഈ മല്‍സരത്തില്‍ വിജയം മാത്രം മതി. സിറ്റി വിജയിച്ചാല്‍ ലിവറിന്റെ സാധ്യതകള്‍ അവസാനിക്കും. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നവരാണ് സിറ്റി. സെര്‍ജി അഗ്യൂറോ, ഗബ്രിയേല്‍ ജീസസ്, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങി ഉന്നതരുടെ സംഘം. എല്ലാവരും ഗോള്‍ വേട്ടക്കാര്‍. ജനുവരിക്ക്് ശേഷം പ്രീമിയര്‍ ലീഗില്‍ തോവല്‍വിയറിഞ്ഞിട്ടില്ല സിറ്റി. 13 മല്‍സരങ്ങളില്‍ അവര്‍ വിജയമറിഞ്ഞു.
ലിവര്‍ സംഘമാവട്ടെ 1990 ന് ശേഷം പ്രീമിയര്‍ ലീഗ് കിരീടം നേടാത്തവരാണ്. ഇത്തവണ പക്ഷേ അവര്‍ കരുത്തരാണ്. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ ബെര്‍ത്ത് ഇതിനകം നേടിക്കഴിഞ്ഞു. ഇന്നവര്‍ സ്വന്തം മൈതാനത്ത് നേരിടുന്നത് വോള്‍വ്‌സിനെയാണ്. ആന്‍ഫീല്‍ഡ് എന്ന അല്‍ഭുത മൈതാനത്ത്് ദിവസങ്ങള്‍ക്ക് മുമ്പാണവര്‍ മെസിയുടെ ബാര്‍സിലോണയെ തരിപ്പണമാക്കിയത്. മുഹമ്മദ് സലാഹ്, ഫിര്‍മിനോ, സാദിയോ മാനെ, ഒറീഗി തുടങ്ങിയവരെല്ലാം ഇന്നത്തെ മല്‍സരത്തില്‍ കളിക്കുമെന്നാണ് കരുതുന്നത്. ഇന്നത്തെ എല്ലാ മല്‍സരങ്ങളും ഒരേ സമയത്താണ്. സിറ്റിയോ, ലിവറോ എന്ന ചോദ്യവുമായി ഫുട്‌ബോള്‍ ലോകമിന്ന് ഇംഗ്ലണ്ടിലേക്ക് കണ്ണെറിയുന്നു

web desk 1: