ലണ്ടന്‍: മാഞ്ചസ്റ്ററിലെ
സംഗീത പരിപാടിയില്‍ ചാവേറാക്രമണം നടത്തിയ സല്‍മാന്‍ അബേദിയുടെ സിസിടിവി ദൃശ്യങ്ങള്‍ ബ്രിട്ടീഷ് പൊലീസ് പുറത്തുവിട്ടു. ആക്രമണം നടത്തുന്നതിന് അബേദി ബാക്ക് പാക്കുമായി നില്‍ക്കുന്നത് ദൃശ്യത്തില്‍ കാണാം. ആക്രമണം നടത്തുന്നതിന് മുമ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇവ. 22 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന് രണ്ടു മണിക്കൂറിനകം തന്നെ ചാവേറായി പ്രവര്‍ത്തിച്ചത് അബേദിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് വലിയൊരു തീവ്രവാദ ശൃംഖല തന്നെ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വ്യക്തമായ പിന്‍ബലമില്ലാതെ മാഞ്ചസ്റ്റര്‍ അറീനയില്‍ സ്‌ഫോടനം നടത്താന്‍ അബേദിക്ക് സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അഭിപ്രായം. ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 14 സ്ഥലങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്‌ഫോടനം നടത്താനുള്ള ബോംബ് നിര്‍മിച്ചത് അബേദിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഐ.എസ് ബന്ധമുണ്ടെന്ന് സംശയിച്ച് അബേദിയുടെ പിതാവും ഇളയ സഹോദരനും നേരത്തെ ലിബിയയില്‍ പിടിയിലായിരുന്നു. അബേദി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷത്തിലുണ്ടായിരുന്നു വ്യക്തിയാണ്. പൊതു അവധി ദിവസമായ ഇന്നലെ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ വിന്യസിച്ചിരുന്ന സായുധ പൊലീസിനെ രാത്രിയോടെ പിന്‍വലിച്ചുതുടങ്ങി. തുടരാക്രമണത്തിന് സാധ്യതുണ്ടെങ്കിലും ഉടനെ ഉണ്ടാവില്ലെന്നാണ് പൊലീസ് കരുതുന്നത്. ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുത്ത കോര്‍ട്ടീനേഴ്‌സ് സംഗീത പരിപാടിക്ക് സുരക്ഷയൊരുക്കാന്‍ നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു. ഗ്രേറ്റ് മാഞ്ചസ്റ്റര്‍ മാരത്തോണും വന്‍ പൊലീസ് സാന്നിദ്ധ്യത്തിലാണ് അരങ്ങേറിയത്. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിനുശേഷമുള്ള ആദ്യ അവധി ദിനമായിരുന്നെങ്കിലും വിനോദ പരിപാടികളെല്ലാം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മുന്‍കരുതലിന്റെ ഭാഗമായി ഗ്രേറ്റ് മാഞ്ചസ്റ്ററില്‍ 13 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരു സ്ത്രീയെയും പതിനാറുകാരനെയും കുറ്റംചുമത്താതെ വിട്ടയച്ചു.