ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ അന്വേഷണം പൂര്‍ണമായും രഹസ്യമാക്കാന്‍ ബ്രിട്ടന്‍ പൊലീസിനു നിര്‍ദേശം നല്‍കി. യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് അന്വേഷണ വിവരം നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടതോടെയാണിത്. അന്വേഷണ വിവരങ്ങള്‍ പൊലീസ് യു.എസിലെ തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറിയിരുന്നു. എന്നാല്‍, വിവരങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ അന്വേഷണ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാവേര്‍ സ്‌ഫോടനം നടത്തിയ സല്‍മാന്‍ അബദിയുടെ പേര് മാധ്യമങ്ങളില്‍ ഉടന്‍ തന്നെ പ്രത്യക്ഷപെട്ടതായും ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തിന് ഉപയോഗിച്ച ഇലക്‌ട്രോണിക്‌സ് ഉപകരണത്തിന്റെ ദൃശ്യങ്ങള്‍ അടക്കം യുഎസ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. അന്വേഷണം രഹസ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മെയ്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളുടെ സമ്മേളനത്തിനിടെയാണ് മെയ് ഇക്കാര്യം ട്രംപിനെ അറിയിച്ചത്. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് അന്വേഷണത്തെ ബാധിക്കും. എന്നാല്‍, തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് സന്ദര്‍ശിച്ചു. റോയല്‍ മാഞ്ചസ്റ്ററിലെ കുട്ടികളുടെ ആസ്പത്രിയിലാണ് രാജ്ഞി എത്തിയത്. 12 കുട്ടികളാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്.