ലണ്ടന്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ ചാവേറാക്രമണം നടത്തിയ സല്‍മാന്‍ അബേദിയെക്കുറിച്ച് നേരത്തെ ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെക്കുറിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടന എംഐ5 അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ സംഗീത പരിപാടിയില്‍ ആക്രമണം നടത്തുന്നതിനുമുമ്പ് മൂന്നു തവണ അബേദിയുടെ തീവ്രവാദ വീക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ലിബിയക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച ഇയാള്‍ പതിനാറു വയസുള്ളപ്പോള്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്തിട്ടുണ്ട്.
മാഞ്ചസ്റ്ററിലെ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സഹപാഠികളായ രണ്ടുപേര്‍ അബേദിയുടെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് പൊലീസിനെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പുനല്‍കിയിരുന്നു. അപകടകാരിയാണെന്ന് ബോധ്യമുണ്ടായിട്ടും അയാളുടെ നീക്കങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണുണ്ടായത്. വന്‍ദുരന്തത്തിന് കാരണമായ പൊലീസ് അനാസ്ഥയെക്കുറിച്ച് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം എംഐ5ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അബേദിയുടെ തീവ്രവാദ ശൃംഖലകളെക്കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ആയിരത്തോളം ഉദ്യോഗസ്ഥര്‍ അന്വേഷത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദേശത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ രാജ്യത്തേക്ക് തിരികെ കടക്കാന്‍ അനുവദിക്കാതെ പ്രത്യേക ഉത്തരവിറക്കാനും സര്‍ക്കാര്‍ പദ്ധതി തയാറാക്കുകയാണ്. വെസ്റ്റ് സസെക്‌സില്‍ ഇന്നലെയും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മൊത്തം 14 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഈമാസം 22ന് അരിയാന ഗ്രാന്‍ഡിന്റെ സംഗീത പരിപാടിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഏഴു കുട്ടികളടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
- 8 years ago
chandrika
Categories:
Video Stories
മാഞ്ചസ്റ്റര്‍ ഭീകരാക്രമണം: സുരക്ഷാ വീഴ്ച പരിശോധിക്കും
Tags: manchester attack