X
    Categories: CultureNewsViews

നിങ്ങള്‍ പിന്മാറൂ, മന്‍ബിജിന്റെ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കാം: ട്രംപിനോട് ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: സിറിയയിലെ ഐ.എസ് സ്വാധീനമുള്ള മന്‍ബിജ് പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്കയില്‍ നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മന്‍ബിജില്‍ കഴിഞ്ഞയാഴ്ച ഐ.എസ് നടത്തിയ ആക്രമണത്തില്‍ നാല് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് പൂര്‍ണമായി കീഴടങ്ങിയെന്നവകാശപ്പെട്ട് സിറിയയില്‍ നിന്ന് 2000 സൈനികരെ പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ച് ഒരു മാസത്തിനകമാണ് മന്‍ബിജില്‍ ആക്രമണമുണ്ടായത്. യു.എസ് പിന്തുണയോടെ കുര്‍ദുകളാണ് മന്‍ബിജിന്റെ സുരക്ഷാ കാര്യങ്ങള്‍ നോക്കുന്നത്. മന്‍ബിജില്‍ നിന്ന് കുര്‍ദുകളെ നീക്കം ചെയ്യാന്‍ സൈനിക നീക്കം നടത്തുമെന്നാണ് തുര്‍ക്കിയുടെ നിലപാട്. ഐ.എസിനെതിരായ പോരാട്ടത്തില്‍ നിന്ന് കുര്‍ദുകളെ മാറ്റി തുര്‍ക്കി സൈന്യം മന്‍ബിജ് ഏറ്റെടുക്കാമെന്ന് ഉര്‍ദുഗാന്‍ ട്രംപിനെ അറിയിച്ചിരിക്കുന്നത്.

കുര്‍ദ് പിന്തുണയുള്ള വൈ.പി.ജി ഭീകരവാദികള്‍ തുര്‍ക്കിയില്‍ പലതവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അയല്‍രാഷ്ട്രമായ തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്ക് സ്വാധീനമുണ്ടായാല്‍ അത് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്നുമാണ് ഉര്‍ദുഗാന്റെ നിലപാട്. സിറിയയില്‍ ‘സുരക്ഷിത മേഖല’ രൂപീകരിക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍ അതിന്റെ നിയന്ത്രണത്തില്‍ നിന്ന് കുര്‍ദുകളെ ഒഴിവാക്കണമെന്നാണ് തുര്‍ക്കി വ്യക്തമാക്കിയത്. സുരക്ഷിത മേഖല തുര്‍ക്കിയുടെ നിയന്ത്രണത്തില്‍ മാത്രമേ സാധ്യമാകൂ എന്ന് പ്രധാനമന്ത്രി ഫുആദ് ഒക്തായ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: