മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ വൈസ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തിന് അവകാശവാദവുമായി സിപിഐ രംഗത്ത്. ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ മൂന്നണികളിലെ ഘടക കക്ഷികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സി.പി.ഐ അവകാശവാദം ഉന്നയിക്കുന്നത്. ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍ പദവികള്‍ വച്ചുമാറണം. ഇന്ന് സി.പി.എം ഭരണമേറ്റെടുത്ത് രണ്ടര വര്‍ഷമാകും. ധാരണ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍, ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ മാറ്റങ്ങളുണ്ടാകണം. ഇതുപ്രകാരം മാനന്തവാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.
എസ്ടി പുരുഷ കൗണ്‍സിലര്‍ ഇല്ലാത്തതിനാലാണ് സിപിഐ ആദ്യമെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആവശ്യപ്പെട്ടത്. മുന്നണിയിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സി.പി.ഐ. പ്രതിനിധി ശോഭരാജന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയിരുന്ന ജോണി മറ്റത്തിലാനി സി.പി.എം.ഏരിയാ സെക്രട്ടറിക്ക് ഒരു മാസം മുമ്പ് കത്ത് നല്‍കിയിരുന്നുവെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
മാനന്തവാടി മണ്ഡലത്തില്‍ ഏറെനാളായി സി.പി.എമ്മും സി.പി.ഐയും ഏറ്റുമുട്ടലിന്റെ പാതയിലാണ് നീങ്ങുന്നത്. കുറുവ വിഷയത്തില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എം. എന്തുനിലപാട് സ്വീകരിക്കുമെന്നാണിനി അറിയേണ്ടത്. മാനന്തവാടി നഗരസഭയില്‍ സിപിഎമ്മിന് 18ഉം യുഡിഎഫിന് 15 ഉം സി.പി.ഐക്ക് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ഇരു വിഭാഗവും അനുരഞ്ജനങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ നഗരസഭയിലെ സ്വതന്ത അംഗത്തിന്റെയും യുഡിഎഫിന്റയും തീരുമാനങ്ങള്‍ നഗരസയിലെ ഭരണമാറ്റത്തിന് വരെ കാരണമായേക്കും. പ്രതിഭ ശശിയാണ് ഇപ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍. ചെയര്‍മാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനാല്‍ ചെയര്‍മാന്റെ ചുമതലയും വൈസ് ചെയര്‍പേഴ്‌സണ്‍ തന്നെയാണ് വഹിക്കുന്നുണ്ട്. അതിനിടെ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ സി.പി.എം.
അടുത്തിടെ ഒ.ആര്‍.കേളു എം.എല്‍ എ യെ മുന്‍നിര്‍ത്തി നടത്തിയ സമരം വരാന്‍ പോകുന്ന ലോക സഭ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റ് ലക്ഷ്യം വെച്ചെന്ന ആരോപണവും ശക്തമാവുകയാണ്. 2009 ല്‍ വയനാട് ലോകസഭ മണ്ഡലം നിലവില്‍ വന്നപ്പോള്‍ മുതല്‍ സി.പി.ഐയുടെ സീറ്റാണ്. സി.പി.ഐയക്ക് എടുത്ത് പറയാന്‍ തക്ക സ്വാധീനമില്ലാത്ത വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും സി.പി.എമ്മിനാണ് വോട്ട് കൂടുതല്‍. അതു കൊണ്ടു തന്നെ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെയും പ്രവര്‍ത്തനത്തിന്റെയും ചുക്കാന്‍ സി.പി.എമ്മിന്റെ കയ്യിലാണ്.
എന്നാല്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ മാത്രം നിലനിന്നിരുന്ന സി.പി.എം, സി.പി.ഐ ഭിന്നത കുറുവ വിഷയത്തോടെ ജില്ല തലത്തിലേക്ക് വളര്‍ന്നതോടെയാണ് സി.പി.എം. ജില്ല നേതൃത്വം ലോക സഭ സീറ്റ് കൈപ്പിടിയില്‍ ഒതുക്കാന്‍ നീക്കം തുടങ്ങിയത്. തങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ അടുത്തിടെ വീണ്ടും മുന്നണിയില്‍ എത്തിയ വീരന്‍ വിഭാഗത്തിന് സീറ്റ് നല്‍കാനുള്ളള ചരട് വലി ശക്തമാക്കാനും സി.പി.എം ശ്രമങ്ങള്‍ നടത്തിയേക്കും.