X

വിദേശത്തുനിന്ന് മണല്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനം

 

നിര്‍മാണ മേഖലക്കാവശ്യമായ മണലിന്റെ ലഭ്യത ഇറക്കുമതിയിലൂടെ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. മണലിന്റെ കടുത്ത ദൗര്‍ലഭ്യവും അമിതമായി മണല്‍ വാരുന്നതുമൂലമുളള പരിസ്ഥിതി പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് ഇറക്കുമതി ചെയ്യുന്നത്.
വിദേശത്തുനിന്ന് മണല്‍കൊണ്ടുവരുന്നതിന് ഇപ്പോള്‍ നിയമപരമായ തടസ്സങ്ങളൊന്നും ഇല്ല. കൊച്ചി തുറമുഖം വഴി മണല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പെര്‍മിറ്റ് ആവശ്യമാണ്. ഇറക്കുമതി ചെയ്യാന്‍ താല്പര്യമുളളവര്‍ക്ക് വകുപ്പ് പെര്‍മിറ്റ് നല്‍കും. മലേഷ്യ, വിയറ്റ്‌നാം, കംബോഡിയ മുതലായ രാഷ്ട്രങ്ങളില്‍ മണല്‍ വേണ്ടത്ര ലഭ്യമാണ്.
കേരളത്തിന് ഒരു വര്‍ഷം മൂന്ന് കോടി ടണ്‍ മണല്‍ ആവശ്യമുണ്ട്. ഇതിന്റെ ചെറിയ ശതമാനം മാത്രമേ പുഴകളില്‍ നിന്ന് ലഭിക്കുന്നുളളു. ഇത് കാരണം നിര്‍മാണ മേഖലയില്‍ പ്രതിസന്ധിയുണ്ട്. ദൗര്‍ലഭ്യം കാരണം വില കുത്തനെ ഉയരുകയും ചെയ്യുന്നു. ഇപ്പോള്‍ ക്യുബിക് അടിക്ക് 140 രൂപ വരെ വിലയുണ്ട്.
യോഗത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തുറമുഖ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ് സെന്തില്‍, ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

chandrika: