ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരേ നടന്ന വംശീയാക്രമണത്തിനിടെ ഹിന്ദുത്വ സംഘം നടത്തിയ ബോംബ് ആക്രമണത്തില്‍ ഗുരുതരാമായി പരിക്കേറ്റ 22 കാരന്റെ നഷ്ടപരിഹാരതുക വെട്ടിക്കുറച്ച് അധികൃതര്‍. കലാപത്തിനിടെയുണ്ടായ ബോബേറില്‍ ഓള്‍ഡ് മുസ്തഫാബാദില്‍ നിന്നുള്ള അക്രം ഖാന്റ വലതു കൈ പൂര്‍ണമായും ഇടതുകൈയില്‍ ഒരു വിരലും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ജിടിബി ഹോസ്പിറ്റലില്‍ നടത്തിയ വൈദ്യശാസ്ത്ര പരിശോധനാ റിപ്പോര്‍ട്ടില്‍ ആക്രം ഖാന്റെ പരുക്ക് നിസ്സാരമാണെന്നാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് 20,000 രൂപ മാത്രമാണ് അക്രം ഖാന് നഷ്ടപരിഹാരമായി ലഭിച്ചത്.
ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ പരുക്കേറ്റ അക്രമിന്റെ വലതു കൈമുട്ടിന് താഴെ മുറിച്ചുമാറ്റിയിരുന്നു. കൂടാതെ ഇടത് കൈപ്പത്തിയില്‍ നിന്ന് ഒരു വിരല്‍ നീക്കം ചെയ്തതതും വയറിലേറ്റ ഗുരതര പരുക്കും 22 കാരനേറ്റ പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍, ഇതിനെ അയാള്‍ തന്നെ മനപ്പൂര്‍വ്വം വരുത്തിയ അപകടമാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഡല്‍ഹി പോലിസ്. ‘അപകടം’ എന്ന നിലയിലാണ് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിന്നതും. യഥാര്‍ത്ഥവസ്തുത പുറത്തുവന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ യുവാവിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വീണ്ടും നിസ്സാരമാക്കി വെട്ടിക്കുറച്ചത്.
അതേസമയം, ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രിയുടെ നടപടി വിവാദമായതോടെ അക്രമിന്റെ കേസിലെ വിലയിരുത്തല്‍ അപര്യാപ്തമാണെന്നും പുനരവലോകനം നടത്തണമെന്നും ഡല്‍ഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ലയും യമുന വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ഉള്‍പ്പെടെ ഡല്‍ഹി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.
ഡല്‍ഹി സര്‍ക്കാരിന്റെ നഷ്ടപരിഹാര നയം അനുസരിച്ച്, ചെറിയ പരിക്കേറ്റവര്‍ക്ക് 20,000 രൂപയും ഗുരുതരമായ പരിക്കുകള്‍ക്ക് ഇരയായവര്‍ക്ക് രണ്ട് ലക്ഷം രൂപയും സ്ഥിരമായ കഴിവില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയുമാണ് ലഭിക്കേണ്ടത്.
ജീന്‍സ് നിര്‍മാണ യൂണിറ്റിലെ തൊഴിളിയായിരുന്ന അക്രം ഖാന്റെ ജീവിതംതന്നെ മാറ്റായ ദുരന്തമാണ് ഡല്‍ഹി കലാപ ദിവസമുണ്ടായത്. ഫെബ്രുവരി 24ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ഖസബ്പുരയിലെ ഇജ്തമയിലേക്കായി വീട്ടില്‍നിന്നിറങ്ങിയതായിരുന്നു അക്രം. എന്നാല്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ എത്താന്‍ സാധിച്ചില്ല. ‘താന്‍ ഭജന്‍പുര മസാറിനടുത്തെത്തിയപ്പോള്‍ ഹിന്ദുത്വര്‍ തന്നെ ആക്രമിച്ചു, താന്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ മോഹന്‍ നഴ്സിംഗ് ഹോമിന് മുകളില്‍ നിന്ന് ഒരു സംഘം ബോംബ് എറിയുകയും അത് തന്റെ തൊട്ടടുത്ത് പതിക്കുകയും ചെയ്തു. ബോധം തെളിയുമ്പോള്‍ പരിക്കുകളോടെ മെഹര്‍ ആശുപത്രിയിലായിരുന്നുവെന്നും, അക്രം മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത 32 ദിവസം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നു. സ്‌കിന്‍ ഗ്രാഫ്റ്റിംഗിലൂടെ ഡോക്ടര്‍മാര്‍ ഇടതുകൈ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കും സാധിച്ചിരുന്നില്ല. പക്ഷേ ജീന്‍സ് നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന അക്രമിന് ഇപ്പോള്‍ അത്തരം ഒരു ജോലിയും നിര്‍വഹിക്കാന്‍ സാധിക്കാത്ത നിലയാണ്. ”ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ”യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള മുസ്തഫാബാദിലെ താമസക്കാരനായ അക്രം പറഞ്ഞു.