പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ മുസ്ലിം പള്ളിക്കു പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്‍ പാരീസിലെ ക്രെറ്റെയ്‌ലില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്‍ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ആള്‍ക്കൂട്ടത്തിനു നേരെ കാര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമം മറ്റു കാറിന്റെ ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 43-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പള്ളിക്കു പുറത്തെ ബാരിയറില്‍ തുടര്‍ച്ചയായി രണ്ടുതവണ കാറിടിച്ചാണ് അക്രമി ആക്രമണം നടത്താന്‍ തുനിഞ്ഞത്. എന്നാല്‍, അപ്പോഴേക്കും മറ്റു രണ്ടു കാറുകള്‍ ഇതിന് വഴിമുടക്കി നിന്നു. അക്രമി മദ്യപിച്ചിരുന്നതായി കാണപ്പെട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉദ്യമം നടക്കില്ലെന്നായതോടെ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ പിന്നീട് താമസ സ്ഥലത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
അര്‍മീനിയന്‍ വംശജനായ 43-കാരനാണ് അറസ്റ്റിലായത്. പാരീസിലുണ്ടായ ഐസിസ് ആക്രമണത്തിന് പ്രതികാരമായാണ് മുസ്ലിംകളെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് അക്രമി പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 2015-ല്‍ ഐസിസ് ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണത്തില്‍ പാരീസില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഭീകരവാദികള്‍ കൊലപ്പെടുത്തി.