നാഗ്പൂര്‍: ഗോസംരക്ഷകരുടെ ആക്രമണം വീണ്ടും. പശുവിറച്ചി കടത്തിയെന്നാരോപിച്ച് നാഗ്പൂരില്‍ സലീംഷാ എന്ന ബി.ജെ.പി പ്രാദേശിക നേതാവിനാണ് ഗോസംരക്ഷകരുടെ ആക്രമണം നേരിടേണ്ടി വന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പശുവിറച്ചി കടത്തുകയാണെന്നാരോപിച്ച് സലീംഷായെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. വടിയും ആയുധങ്ങളുമായെത്തിയായിരുന്നു മര്‍ദ്ദനം. പശുവിറച്ചിയല്ല, കയ്യില്‍ ആട്ടിറച്ചിയാണെന്ന് പറഞ്ഞിട്ടും തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സലീംഷാ പറഞ്ഞു. പരിക്കേറ്റ സലീംഷായെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ബി.ജെ.പി അംഗമാണ് ഇയാള്‍. ജില്ലയിലെ ന്യൂനപക്ഷ സെല്ലിന്റെ പ്രസിഡന്റാണ് സലീംഷാ. സലീംഷാക്കുനേരെയുള്ള മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
രണ്ടാഴ്ച്ച മുമ്പ് ഗോസംരക്ഷകര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. മനുഷ്യരെ കൊല്ലുന്ന ഗോസംരക്ഷണമല്ല നാടിന്നാവശ്യമെന്നും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നുമായിരുന്നു മോദിയുടെ മുന്നറിയിപ്പ്. എന്നാല്‍ ഇതിനു രണ്ടുദിവസങ്ങള്‍ക്കുശേഷം പശുവിന്റെ പേരിലുള്ള കൊലപാതകം ആവര്‍ത്തിക്കുകയായിരുന്നു.