X
    Categories: indiaNews

കോവിഡ് ബാധിച്ച് മുതലാളി മരിച്ചു; വീട്ടിലെ പണവും ആഭരണങ്ങളുമായി സഹായി മുങ്ങി

ബെംഗളൂരു: മുതലാളി കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളുമായി സഹായി മുങ്ങി. 20 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്ന് വെങ്കിടേഷ് എന്നയാളാണ് മുങ്ങിയത്. ഇയാളെ പിന്നീട് പൊലീസ് പിടികൂടി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ കൊണാനൂരിലാണ് സംഭവം.

പുരോഹിതന്‍ കൂടിയായ ലവകുമാര്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. ഓഗസ്റ്റ് 10ന് ഇദ്ദേഹത്തിന് പനി ബാധിക്കുകയും മരിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ ലവകുമാറിന് കോവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിച്ചു.

പിന്നാലെ, ലവകുമാറിന്റെ ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടും 14 ദിവസം ആ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇതനുസരിച്ച് ഇവര്‍ ബന്ധുവീട്ടിലേക്ക് താമസം മാറി. ഓഗസ്റ്റ് 24 ന് ലവകുമാറിന്റെ സഹോദരന്‍ നോക്കാനെത്തിയപ്പോഴാണ് വീട് തകര്‍ത്തതായി കണ്ടെത്തിയത്. പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ അലമാര കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയാതും കണ്ടെത്തി.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വെങ്കിടേഷിനെ ബസവപന്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 450 ഗ്രാം സ്വര്‍ണാഭരണങ്ങളും മൂന്ന് കിലോ വെള്ളിയും 20,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: