ഹൈദരാബാദ്: 2007ലെ ഹൈദരാബാദ് സ്‌ഫോടനത്തില്‍ മാതാപിതാക്കളെ നഷ്ടമായ ബാലികയെ ദത്തെടുത്ത യുവാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം. പപാലാല്‍ രവികാന്ത് എന്ന യുവാവിനെയാണ് അക്രമി സംഘം 16 പ്രാവശ്യം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ഉസ്മാനിയ ആസ്പത്രിയില്‍ ചികിത്സയിലാണ്.
2007 ആഗസ്റ്റില്‍ ഹൈദരാബാദിലുണ്ടായ സ്‌ഫോടനത്തില്‍ മാതാപിതാക്കളെ നഷ്ടമായ ബാലികയെ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ പപാലാല്‍ തന്റെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനു ശേഷം പപാലാലിന്റെ കുടുംബത്തിന് നേരെ പലപ്പോഴും വധഭീഷണി ഉയര്‍ന്നിരുന്നു. പപാലാല്‍ എടുത്തു വളര്‍ത്തിയ സാനിയ ഫാത്തിമ ഇപ്പോള്‍ എട്ടാം തരത്തില്‍ പഠിക്കുകയാണ്. തനിക്കെതിരെ ഇരുവിഭാഗത്തില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഇയാള്‍ പറയുന്നു.
എന്തിന് ഹിന്ദു യുവാവ് മുസ്‌ലിം കുട്ടിയെ വളര്‍ത്തുന്നുവെന്നാണ് ഭീഷണി മുഴക്കുന്നവര്‍ ചോദിക്കുന്നത്. താനും ഭാര്യയും ഒരു മതത്തിലും വിശ്വസിക്കുന്നില്ല. സാനിയ ഫാത്തിമയുടെ പേര് സോണിയ എന്നോ അഞ്ജലി എന്നോ ആക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പപാലാല്‍ പറയുന്നു. അവള്‍ തങ്ങളുടെ മകളായി തന്നെയാണ് വളരുന്നത്. സാനിയ ഇസ്്‌ലാം മതം പിന്തുടരുന്നതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. ഞങ്ങള്‍ മനുഷ്യത്വത്തിലും സൗഹാര്‍ദ്ദത്തിലുമാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഞങ്ങള്‍ക്കും സാനിയക്കും യാതൊരു പ്രശ്‌നവുമില്ല. പിന്നെ എന്തിനാണ് മതമൗലിക വാദികള്‍ പ്രശ്‌നമുണ്ടാക്കുന്നതെന്ന് പപാലാലിന്റെ ഭാര്യ ജയശ്രീ ചോദിക്കുന്നു.