തിരുവനന്തപുരം: നാലംഗ സംഘത്തിന്റെ മര്‍ദ്ദനത്തിനിരയായ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുവേളി വെട്ടുകാട് റോഡില്‍ കടല്‍തീരത്ത് താമസിക്കുന്ന ജെറിഫൈയാണ്(56)മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടത്.
ഇന്നലെ രാത്രി ജെറിഫൈയും നാലംഗ സംഘവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. വാക്കേറ്റത്തിനിടെ ഒപ്പമുണ്ടായിരുന്ന സംഘം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ചയുണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ സംഭവം. മര്‍ദ്ദനത്തിനിരയായി അവശനിലയിലായ ജെറിഫൈയെ വീട്ടിലെ ഷെഡില്‍ ഉപേക്ഷിച്ച് അക്രമി സംഘം കടന്നുകളയുകയായിരുന്നു.
ഇന്ന് രാവിലെ അയല്‍വാസികളാണ് ജെറിഫൈ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. ജെറിഫൈയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അയല്‍വാസികളില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമി സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യയും മകനുമായി പിണങ്ങികഴിയുന്ന ജെറിഫൈ ഏറെകാലമായി തനിച്ചാണ് താമസം.