പ്രണയ വിവാഹങ്ങളെ തുടര്‍ന്നുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ ഇപ്പോള്‍ സമൂഹം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. എന്നാല്‍ ഛത്തീസ്ഗഡിലെ ചന്ദു മൗര്യ എന്ന ഇരുപത്തിനാലുകാരന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത് തന്റെ രണ്ട് കാമുകിമാരേയും ഒരേ മണ്ഡപത്തില്‍ ഒരേ സമയം താലിചാര്‍ത്തിയാണ്.
ജനുവരി അഞ്ചിനായിരുന്നു വിവാഹം. രണ്ടു പേര്‍ക്കും തന്നോട് ഇഷ്ടമാണെന്നും പരസ്പരസഹകരണത്തോടെ തനിക്കൊപ്പം ജീവിക്കാമെന്നും ഇരുവരും ധാരണയിലെത്തി തന്നെ അറിയിക്കുകയായിരുന്നുവെന്നും ചന്ദു പ്രതികരിച്ചു. അഞ്ഞൂറ് പേരോളം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോയും ക്ഷണക്കത്തും സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം മാധ്യമശ്രദ്ധ നേടിയത്.
മാവോവാദി സാന്നിധ്യമുള്ള ബസ്തര്‍ ജില്ല സ്വദേശിയാണ് ചന്ദു. കര്‍ഷകനാണെങ്കിലും മറ്റു ചില തൊഴിലുകളിലും ചന്ദു ഏര്‍പ്പെടാറുണ്ട്. അത്തരത്തില്‍ വൈദ്യുതിത്തൂണുകള്‍ സ്ഥാപിക്കാന്‍ തോകാപാല്‍ പ്രദേശത്ത് എത്തിയതിനിടെയാണ് സുന്ദരി കശ്യപ് എന്ന യുവതിയുമായി പ്രണയത്തിലായത്. വിവാഹം കഴിക്കാമെന്ന തീരുമാനമെടുത്തതിന് ശേഷമാണ് ഹസീന ഭാഗേല്‍ ചന്ദുവിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരു വിവാഹച്ചടങ്ങിനിടെയായിരുന്നു ഇവര്‍ കണ്ടുമുട്ടിയത്.
തനിക്ക് കാമുകിയുണ്ടെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നും ഹസീനയെ അറിയിച്ചെങ്കിലും പിന്‍മാറാന്‍ അവള്‍ ഒരുക്കമല്ലായിരുന്നുവെന്നും ഇക്കാര്യമറിഞ്ഞതോടെ സുന്ദരിയും ഹസീനയെ ഭാര്യയായി സ്വീകരിക്കാന്‍ എതിര്‍പ്പില്ലെന്നറിയിക്കുകയും ചെയ്തതായി ചന്ദു പറഞ്ഞു. തുടര്‍ന്ന് 21 കാരിയായ സുന്ദരിയേയും 20 കാരിയായ ഹസീനയേയും ഒന്നിച്ച് വിവാഹം കഴിക്കാന്‍ ചന്ദു തീരുമാനിച്ചു.
ചന്ദുവിന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ മൂവരും താമസിക്കുന്നത്. ഹസീനയുടെ ബന്ധുക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയെങ്കിലും സുന്ദരിയുടെ വീട്ടുകാര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു.