മംഗളൂരു : ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പൈപ്പ് ലൈനില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്തു. കര്‍ണാടകയിലാണ് സംഭവം. ഐവാന്‍ എന്നയാള്‍ക്കെതിരെ ബണ്ട്‌വാള്‍ റൂറല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെട്രോളിന്റെ അളവിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഊറ്റല്‍ കണ്ടെത്തിയത്.
മംഗളൂരു – ഹസ്സന്‍ പൈപ്‌ലൈനിലൂടെ കടന്നുപോകുന്ന പെട്രോളിന്റെ അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് എച്ച്പിസിഎല്‍. അധികൃതര്‍ പൈപ്പ്‌ലൈനില്‍ പരിശോധന നടത്തുകയായിരുന്നെന്ന് ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സോനാവനെ പറഞ്ഞു. ജൂലായ് 11നാണ് പരിശോധന നടത്തിയത്. പൈപ്പ്്‌ലൈന്‍ കോട്ടിങ്ങിലെ തകരാര്‍ കൊണ്ടുള്ള ചോര്‍ച്ചയാകാം എന്നാണ് ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയിരുന്നത്. അരല ഗ്രാമത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍വെച്ചാണ് ചോര്‍ച്ചയുണ്ടാകുന്നതെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഐവാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഭൂമി.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭൂമി കുഴിച്ചു പരിശോധിച്ചു. അപ്പോഴാണ് പൈപ്പ്്‌ലൈനിലെ ദ്വാരം കണ്ടെത്തുന്നത്. പെട്രോള്‍ ഊറ്റിയെടുക്കാന്‍ വാല്‍വും പൈപ്പ്്‌ലൈനില്‍ ഘടിപ്പിച്ചിരുന്നു. 90,000 രൂപയുടെ നാശനഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.