X

രോഗിക്കൊപ്പം എത്തിയ ബന്ധു സ്‌കാനിങ് മെഷീനില്‍ കുടുങ്ങി മരിച്ചു

മുംബൈ: ആസ്പത്രിയിലെ എം. ആര്‍.ഐ (മാഗ്‌നറ്റിക് റെസണന്‍സ് ഇമേജിങ്) സ്‌കാനിങിനുള്ള മുറിയില്‍ ബന്ധുവിനൊപ്പം കയറിയ യുവാവിന് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ രാജേഷ് മാരു(32) ആണ് സ്‌കാനിങ് മെഷീനില്‍ കുടുങ്ങി മരിച്ചത്.

മുംബൈ സെന്‍ട്രലിലെ ബി. വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആസ്പത്രിയില്‍ ഞായറാഴ്ച വൈകിട്ടോടെയിരുന്നു സംഭവം. സ്‌കാനിങ് മെഷിന് അരികിലേക്ക് ഒക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് രാജേഷ് മാരുവിനെ സ്‌കാനിങ് മെഷിന് ഉള്ളിലുള്ള കാന്തിക വലയം വലിച്ചെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ഡോക്ടര്‍ സൗരഭ് ലഞ്ചരേക്കര്‍, വാര്‍ഡ് ബോയി വിത്തല്‍ ചവാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ബന്ധുവിന് എം.ആര്‍.ഐ സ്‌കാനിങിനായി എത്തിയതായിരുന്നു രാജേഷ്.

രോഗിയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ രാജേഷായിരുന്നു പിടിച്ചിരുന്നത്. സ്‌കാനിങ് മെഷീനിന്റെ അടുത്ത് നിന്ന രാജേഷ് മെഷീനിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. വാര്‍ഡന്‍മാര്‍ പുറത്തേക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതരമായി പരിക്കേറ്റ് ഇയാളെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

മെഷീനിന്റെ കാന്തിക ബലം മൂലമാണ് അപകടം സംഭവിച്ചത്. ലോഹം കൊണ്ടുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ സ്‌കാനിങ് മുറിയില്‍ കൊണ്ടുപോകുന്നത് അനുവദനീയമല്ല. എന്നാല്‍ സ്‌കാനിങ് മുറിക്ക് പുറത്തു നിന്ന വാര്‍ഡന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്നത് വിലക്കിയില്ലെന്നും ആസ്പത്രി ജീവനക്കാരുടെ അനാസ്ഥയാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

chandrika: