ന്യൂഡല്‍ഹി: വളര്‍ത്തുനായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചിഴച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി മനേക ഗാന്ധി. പ്രതിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് മന്ത്രി ഡിജിപിയേയും ആലുവ റൂറല്‍ എസ്പിയേയും ഫോണില്‍ വിളിച്ചു. അതേസമയം നായയെ വലിച്ചിഴക്കാനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ ആര്‍.ടി.ഒക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് റൂറല്‍ എസ്.പി നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഇന്നലെ തന്നെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലക്കയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് മനുഷ്യത്യരഹിതമായ സംഭവം അരങ്ങേറിയത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെക്കുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങിവരുന്ന വഴി കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി സ്വദേശിയായ യൂസഫിനെതിരെയാണ് ഐ.പി.സി 428, 429 വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.