X

ചാമ്പ്യന്‍സ് ലീഗ് : ലിവര്‍പൂളില്‍ സുല്ലിടുമോ മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഇന്ന് വീണ്ടും മുഖാമുഖം. ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനമായ എത്തിഹാദിലാണ് പോരാട്ടം. ആദ്യപാദത്തില്‍ ലിവര്‍പൂളിനോട് 3-0ന് പരാജയപ്പെട്ട സിറ്റിക്ക് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ സെമിയില്‍ ഇടം നേടാനാകൂ. ആക്രമണ ഫുട്‌ബോള്‍ ശൈലി പിന്തുടരുന്ന ഇരു ടീമുകളും കളിത്തില്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുന്ന പോരാട്ടത്തിനാവും മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കുക. മറ്റൊരു ക്വാര്‍ട്ടറില്‍ കിരീട ഫേവറേറ്റസുകളായ ബാര്‍സലോണ ഇറ്റാലിയന്‍ ടീം എ.എസ് റോമയെ നേരിടും. ആദ്യപാദം 4-1ന് ജയിച്ച ബാര്‍സ ഏറെക്കുറെ സെമിയുറപ്പിച്ചമട്ടാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച സിറ്റിക്ക് നിര്‍ണായകമായ മത്സരമാണിത്. പരുക്കുമാറി കളത്തിലേക്ക് തിരിച്ചെത്തിയ അര്‍ജീനതാരം സെര്‍ജിയോ അഗ്വൂറോയുടെ വരവ് സിറ്റി ക്യാമ്പിന് ഊര്‍ജം പകരുന്നതാണ്. മുന്നേറ്റനിരയില്‍ അഗ്വൂറോക്കൊപ്പം ഗബ്രിയല്‍ ജീസസും മുന്‍ ലിവര്‍പൂള്‍താരം റഹീം സ്റ്റേര്‍ലിങും ചേരുന്നതോടെ ലിവര്‍പൂളിന്റെ പ്രതിരോധ കോട്ട എളുപ്പം തകര്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. മൂന്നു ഗോളിന് പിന്നിട്ടു നില്‍ക്കുമ്പോഴും സിറ്റിയെ എഴുതിത്തള്ളാന്‍ കളി എഴുത്തുകാര്‍ തയ്യാറാവത്തതും ഈ മുന്നേറ്റനിരയുടെ കരുത്ത്് നന്നായി അറിയാവുന്നതുക്കൊണ്ടാണ്. നടപ്പു സീസണില്‍ 12 മത്സരങ്ങളില്‍ സിറ്റി മൂന്നുലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. മാ.യുണൈറ്റഡിനെതിരായ മത്സരത്തില്‍ വിശ്രമം നല്‍കിയ ബെല്‍ജിയം താരം കെവിന്‍ ഡിബ്രൂണോയായിരിക്കും മധ്യനിരയില്‍ സിറ്റിയുടെ ആക്രമണത്തിന് നേതൃത്വം നല്‍കുക. ഡേവിഡ് സില്‍വും ഫെര്‍ണാഡീഞ്ഞോയും ഡിബ്രൂണോക്കൊപ്പം ചേരും. പ്രതിരോധമാണ് സിറ്റിക്കിപ്പോള്‍ തലവേദന. ചിരവൈരികളായ യുണൈറ്റഡിനെതിരെ രണ്ടു ഗോളിന്റെ ലീഡുണ്ടായിട്ടും തോല്‍വി പിണഞ്ഞത് പ്രതിരോധത്തിലെ പിഴവായിരുന്നു. അപകടകാരികളായ മുന്നേറ്റ നിരയുള്ള ലിവര്‍പൂളിനു മുന്നില്‍ ഒരു പിഴവിനു പോലും വലിയ വിലകൊടുക്കേണ്ടിവരുമെന്ന് സിറ്റിക്ക് നന്നായി അറിയാം. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ എത്തിഹാദില്‍ ലിവര്‍പൂള്‍ വന്നപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തുവിട്ടത് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചാല്‍ സിറ്റിക്ക് ചരിത്ര വിജയത്തിനൊപ്പം സെമി ടിക്കറ്റും സ്വന്തമാക്കാം.

കളിക്കാരുടെ പരിക്കും സസ്‌പെന്‍ഷനുമാണ് ലിവര്‍പൂളിന്റെ തലവേദന. സൂപ്പര്‍താരം മുഹമ്മദ് സലാഹിന്റെ ഫിറ്റനസാണ് മുന്‍ജേതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യചിഹ്നം. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞവാരം എവര്‍ട്ടണുമായുള്ള ലീഗ് മത്സരത്തില്‍ സലാഹ് കളിച്ചിരുന്നില്ല. സിറ്റിക്കെതിരെ താരം കളിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ പരിശീലകന്‍ യുറുഗന്‍ ക്ലോപ്പ് തയ്യാറായിട്ടില്ല. സലാഹ്-റോബര്‍ട്ടോ ഫിര്‍മിനോ-സാഡിയോ മാനെ ത്രയമാണ് ലിവര്‍പൂളിന്റെ ശക്തി. തങ്ങളുടെ ദിവസങ്ങളില്‍ ഏതു ടീമിനേയും തരിപ്പണമാക്കാനുള്ള പ്രഹരശേഷി ഈ ത്രയത്തിനുണ്ട്.

എന്നാല്‍ സലാഹ് കളിച്ചിലെങ്കില്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി ബാധിക്കും. സസ്‌പെന്‍ഷന്‍ മൂലം നായകന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ കളിക്കാത്തതും ലിവര്‍പൂളിന് തിരിച്ചടിയാണ്. സിറ്റിക്കെതിരായ ആദ്യപാദത്തില്‍ ടൂര്‍ണമെന്റില്‍ മൂന്നാം മഞ്ഞക്കാര്‍ഡ് കണ്ടതാണ് സസ്‌പെന്‍ഷന്‍ നേരിടാന്‍ കാരണം. പരുക്കിന്റെ പിടിയിലായ ജര്‍മന്‍താരം എമറേ ചാനിന്റെ സേവനവും മധ്യനിരയില്‍ ലിവര്‍പൂളിന് ലഭിക്കില്ല. ജനുവരിയില്‍ സൗതാംപടണില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് വിര്‍ജില്‍ വാന്‍ ഡെയ്ക്്ന്നതോടെ പ്രതിരോധം ഏറെ മെച്ചപ്പെട്ടിടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ ആറു മത്സരങ്ങളില്‍ ഒരു ഗോള്‍ വഴങ്ങിയിട്ടില്ലയെന്നതും ശ്രദ്ധേയമാണ്. റോബര്‍ട്ട്‌സണ്‍-വാന്‍ ഡെയ്ക്-ലോവ്‌റന്‍- ട്രെന്റ് അര്‍നോള്‍ഡ് അണിനിരക്കുന്ന പ്രതിരോധ നിര കരുത്തു കാണിച്ചാല്‍ 2007നു ശേഷം ആദ്യമായി ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് അവസാന നാലില്‍ ഇടം നേടാം.

chandrika: