കൂടരഞ്ഞി (കോഴിക്കോട്): കക്കാടംപൊയിൽ താഴേകക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(38) ഷോക്കേറ്റ് മരിച്ചത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കൂമ്പാറ ബസാർ സ്വദേശി ചക്കാലപ്പറമ്പിൽ ഷെരീഫിനെ(48) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് രാധികയെ കക്കാടംപൊയിൽ അകമ്പുഴയിലുള്ള കൃഷിസ്ഥലത്തെ ഷെഡ്ഡിനു മുന്നിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കാണപ്പെട്ടത്. തുടർന്ന് രാധികയോടൊപ്പം കൃഷിസ്ഥലത്ത് ജോലിചെയ്തിരുന്ന ഷെരീഫും സമീപത്ത് ഡിസാസ്റ്റർ മാനേജ്മെൻറ് ട്രെയിനിങ് നടത്തിയിരുന്ന കർമ്മ ഓമശ്ശേരിയുടെ പ്രവർത്തകരും ചേർന്നാണ് രാധികയെ തിരുവമ്പാടി ലിസ ഹോസ്പിറ്റലിൽ എത്തിക്കുന്നത് അവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതശരീരത്തിൽ കണ്ട ബലപ്രയോഗം നടന്നതിന്റെ പാടുകളാണ് മരണത്തിൽ സംശയത്തിനിടയാക്കിയത്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഐ.പി.എസിന്റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ്ഐ സനൽരാജും താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതി ഷെരീഫ് പോലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ എട്ടു വർഷത്തോളമായി മരിച്ച രാധികയും പ്രതി ശരീഫും ഒരുമിച്ചാണ് അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വാഴകൃഷി ചെയ്തുകൊണ്ടിരുന്നത്. അതിനിടയിൽ ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് രാധികയെ കൊലപ്പെടുത്താൻ കാരണമായതെന്ന് പ്രതി ഷെരീഫ് ചോദ്യം ചെയ്യലിനിടയിൽ പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷെരീഫും രാധികയുമായി ഇതിനെചൊല്ലി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലനടന്ന ദിവസം ഇരുവരും നന്നായി മദ്യപിച്ചിരുന്നു തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മദ്യലഹരിയിൽ പരസ്പരം കയ്യേറ്റം ചെയ്യുകയും തുടർന്ന് ഷെരീഫിന്റെ കഴുത്തിൽ രാധിക പിടിമുറുക്കിയതോടെ ഷെരീഫ് രാധികയെ മർദ്ദിക്കുകയും പുറത്തേക്ക് ഓടുകയും ചെയ്തു. കുറച്ചു സമയത്തിനുശേഷം ഷെഡ്ഡിൽ തിരിച്ചെത്തിയ ഷെരീഫ് മദ്യലഹരിയിൽ നിലത്തുകിടക്കുന്ന രാധികയെ എടുത്തുകൊണ്ടുപോയി ഷെഡ്ഡിനുള്ളിലെ മുറിയിൽ കിടത്തി വൈദ്യുത മീറ്ററിൽ നിന്നും വരുന്ന കണക്ഷനിൽ വയർ ഘടിപ്പിച്ച് രാധികയുടെ കയ്യിൽ ഷോക്കേൽപ്പിക്കുകയായിരുന്നു. ഷോക്കേറ്റ രാധികയുടെ മരണവെപ്രാളം കണ്ട് ഷെഡിനു പുറത്തേക്കോടിയ ഷെരീഫ് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് എടുത്ത് ആരുംകാണാതെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ നാളുകളായി താൻ നടത്തിവന്നിരുന്ന വൈദ്യുതി മോഷണം നാട്ടുകാരും അധികൃതരും കാണാൻ ഇടയാകുമെന്ന് മനസ്സിലാക്കിയ പ്രതി റോഡ് സൈഡിൽ ഉള്ള മറ്റൊരു പറമ്പിൽ ബൈക്ക് കയറ്റി നിർത്തി ഷെഡ്ഡിനു പുറകിലൂടെ വന്നു തെളിവ് നശിപ്പിക്കുന്നതിനായി ഷെഡ്ഡിനുള്ളിലുള്ള മുഴുവൻ ഇലക്ട്രിക് വയറുകളും കത്തിയെടുത്തു മുറിക്കുകയും മീറ്റർ ബോർഡും മറ്റും അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് രാധികയുടെ മൃതദേഹം സംഭവസ്ഥലത്തു നിന്നും പുറത്തേക്ക് വലിച്ചു ഷെഡ്ഡിനു മുൻവശം കൊണ്ടുപോയിവെച്ചു കരഞ്ഞു ബഹളം വച്ച് ആളുകളെ അറിയിക്കുകയായിരുന്നു. ഷെരീഫിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽവാസികളും തൊട്ടടുത്ത് ക്യാമ്പ് നടത്തുകയായിരുന്ന കർമ്മ ഓമശ്ശേരിയുടെ പ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴും ആശുപത്രിയിലേക്ക് പോകാൻ തയ്യാറാകാതെ മാറിനിന്ന ഷെരീഫിനെ അന്നുതന്നെ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. നാട്ടുകാരുടെ നിർബന്ധംമൂലം വാഹനത്തിൽ കയറിയ ഷെരീഫ് ഭ്രാന്തമായ രീതിയിൽ അഭിനയിച്ചതും സമനില നഷ്ടപ്പെട്ട രീതിയിൽ സംസാരിച്ചതും അന്നുതന്നെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നേദിവസം ഹോസ്പിറ്റലിൽ ചികിത്സതേടി പിറ്റേദിവസം ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയതോടെ ഷെരീഫ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്ന് വന്ന സൈൻറിഫിക് ഓഫീസർ ശേഖരിച്ച തെളിവുകളും പോലീസിന്റെ പഴുതടച്ച ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ആദ്യമൊക്കെ താൻ ഷെഡ്ഡിലേക്ക് എത്തിയപ്പോൾ രാധിക മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പറഞ്ഞ ഷെരീഫിന്റെ മൊഴിയിൽ വീണ്ടും ചോദിച്ചപ്പോൾ ഉണ്ടായ വൈരുധ്യമാണ് ഷെരീഫിനെ കൂടുതൽ സംശയിക്കുന്നതിനു കാരണമായത്. മാത്രമല്ല അന്നേദിവസം നന്നായി മദ്യപിച്ചിരുന്ന താൻ മദ്യം കഴിച്ചിട്ടില്ല എന്നും മദ്യപാനം നിർത്തിയിട്ട് ഒന്നര വർഷത്തോളമായി എന്നും പോലീസിനോട് നുണ പറഞ്ഞിരുന്നു. ഷെരീഫ് പലതവണകളായി ഒരുലക്ഷത്തോളം രൂപ രാധികയുടെ കയ്യിൽ നിന്ന് കടം വാങ്ങിയിരുന്നു അത് തിരികെ ചോദിച്ചു പലപ്പോഴും രാധിക ഷെരീഫുമായി കലഹിച്ചിരുന്നു മാത്രമല്ല ഇത്തവണ കൃഷിയിറക്കുമ്പോൾ തനിക്ക് തരാനുള്ള തുക നിർബന്ധമായും തന്നു തീർക്കണമെന്ന് രാധിക ഷെരീഫിനോട് പറഞ്ഞിരുന്നു.
മോട്ടോർ സ്വിച്ച് ഓൺ ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ ഷോക്കേറ്റ് മരിച്ചു എന്ന് നാട്ടുകാരെല്ലാം കരുതിയിരുന്ന ഒരു മരണം പോസ്റ്റ്മോർട്ടം നടത്തിയ സമയത്ത് തോന്നിയ സംശയത്തിൽ നിന്ന് പഴുതടച്ച രീതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദാരുണമായ കൊലപാതകം പുറംലോകമറിയുന്നത്.
കോഴിക്കോട് റൂറൽ എസ്പി ജി. ജയദേവ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ്ഐ സനൽ രാജ് ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, സീനിയർ സിപിഒ ഷിബിൽ ജോസഫ്, സിപിഒ ഷെഫീഖ് നീലിയാനിക്കൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐ സദാനന്ദൻ, എഎസ്ഐ സൂരജ്, മനോജ് സിപിഒമാരായ പ്രജീഷ്, രാംജിത്ത്, സപ്നേഷ്, ജിനേഷ് കുര്യൻ,ഷിജു, ബോബി,വനിതാ സിപിഒ സ്വപ്ന എന്നിവർ ചേർന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.