പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് ആഗസ്ത് 13ന് കാണാതായ ഒമ്പത് വയുകാരന്‍ മുഹമ്മദ് ഷഹീനെ ജീവനോടെ മഞ്ചേരി ആനക്കയത്ത് നിന്നും കടലുണ്ടി പുഴയില്‍ തള്ളിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പിതൃ സഹോദരന്‍ അറസ്റ്റില്‍. ഷഹീന്റെ പിതാവിന്റെ ജ്യേഷ്ട സഹോദരന്‍ എടയാറ്റൂര്‍ മങ്കലത്തൊടി മുഹമ്മദി(44)നെയാണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നെന്ന് അന്വേഷണ സംഘം ചന്ദ്രികയോട് പറഞ്ഞു.
കുട്ടിയെ തട്ടി കൊണ്ട് പോയി ഒളിവില്‍ പാര്‍പ്പിച്ച്് ഷഹീന്റെ പിതാവിന്റെ സാമ്പത്തിക ഇടപാടുകാര്‍ തട്ടി കൊണ്ടു പോയാതാണെന്നും അവര്‍ തന്നെ വിളിച്ച് പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് കുട്ടിയെ മോചിപ്പിക്കുക എന്ന വ്യാജേന പണം തട്ടിയെടുക്കുകയായിരുന്നു മുഹമ്മദിന്റെ ലക്ഷ്യം. ഇതിനായി ജോലി അന്വേഷിച്ച് പോവുകയാണെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹം ആഗസ്ത് 10ന് മലപ്പുറത്ത് ഹോട്ടല്‍ മുറി വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. 13ന് രാവിലെ ഷഹീന്‍ പഠിക്കുന്ന എടയാറ്റൂര്‍ ഡി.എന്‍.എം.എ യു.പി സ്‌കൂലേക്കുള്ള വഴിയില്‍ പലയിടത്തായി കത്തു നിന്ന് സൈക്കിളില്‍ വരികയായിരുന്ന ഷഹീനെ പാണ്ടിക്കാടുള്ള തന്റെ മക്കളുടെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയിരുന്നു. സ്‌കൂള്‍ അവധിയാക്കുന്നതില്‍ പ്രയാസമറിയിച്ചപ്പോള്‍ ഉപ്പയോട് ഞാന്‍ പറഞ്ഞോളാമെന്ന് ഉറപ്പ് കൊടുത്തു. പിതൃ സഹോദരനിലുള്ള വിശ്വാസത്തോടെ ബൈക്കില്‍ കയറിയ ഷഹീനെ പട്ടിക്കാട് വഴി കൊളത്തൂര്‍, വളാഞ്ചേരി, കോട്ടക്കല്‍, തിരൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോയി. തിരൂരില്‍ നിന്ന് പുതിയ വസ്ത്രം വാങ്ങി യൂണിഫോം മാറ്റിയുടുപ്പിച്ചു. അവിടെ നിന്ന് തിരിച്ച്് വരുന്ന വഴി വളാഞ്ചേരിയിലെ തിയേറ്ററില്‍ നിന്നും സിനിമ കാണിച്ചു. ഭക്ഷണവും വാങ്ങി നല്‍കി. ഈ സമയമായപ്പോഴെക്കും വാട്‌സാപ്പ് വഴിയും മറ്റും കുട്ടിയെ കാണാതായ വിവരം നാട്ടിലറിഞ്ഞതായും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും മുഹമ്മദ് അറിഞ്ഞു. അപ്പോഴെക്കും കുട്ടി തന്നെ വീട്ടിലെത്തിക്കുന്നതിന് തിരക്ക് കൂട്ടി കൊണ്ടിരുന്നു. രംഗം മാറിമറിഞ്ഞപ്പോള്‍ പരിഭ്രാന്തനായ മുഹമ്മദിന് കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിച്ചാലുണ്ടാകുന്ന പ്രതികരണങ്ങളെ ഓര്‍ത്ത് പേടി തോന്നി. ആസൂത്രണം ചെയ്തത് പോലെ നടക്കില്ലെന്ന് കുട്ടിയുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലായി. നാട്ടിലേക്കുള്ള മടക്കയാത്ര തുടര്‍ന്ന് തിരൂര്‍ക്കാട് വഴി ആനക്കയത്തെത്തുകയായിരുന്നു. ഇവിടെ നിന്ന് രാത്രി പത്തിനും പത്തരക്കുമിടയിലാണ് പാലത്തില്‍ നിന്ന് ഷഹീനെ പുഴയില്‍ തള്ളിയത്. തുടര്‍ന്ന് സ്‌കൂള്‍ ബാഗും യൂണിഫോമും സമീപത്തെ പള്ളിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. ഇതിന് ശേഷം ഷഹീന്റെ പിതാവ് സലീമുമായി ബന്ധപ്പെട്ട് കുട്ടിയെ കാണാതായ വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തി ഒന്നും സംഭവിക്കാത്ത മട്ടില്‍ പെരുമാറുകയായിരുന്നു. ഷഹീന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കര്‍മ സമിതി മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലും ഇയാള്‍ പങ്കെടുത്തിരുന്നു.
കുട്ടിയെ കാണാതായതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആനക്കയത്ത് നിന്നും സ്‌കൂള്‍ ബാഗും യൂണിഫോമും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 16 കിലോ മീറ്ററോളം ദൂരത്തിലുള്ള നിരവധി കടകളിലേയും മറ്റും സി.സി.ടി.ടി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഇതില്‍ നിന്നുള്ള സൂചനകളാണ് കുട്ടിയുമായി അടുപ്പമുള്ള ഒരാളെന്ന നിലയില്‍ പിതൃ സഹോദരനിലേക്ക് അന്വേഷണം നീളുന്നത്. ഇയാളെ കസ്റ്റഡിലെടുത്ത് വിശദമായ അന്വേഷണം നടത്തി തെളിവ് ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി കൊണ്ട് പോയ വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതില്‍ നി്ന്നും കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിപ്പിച്ചിരുന്നതായും കണ്ടെത്തി. ശനിയാഴ്ച വൈകീട്ടോടെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജറാക്കുന്ന മുഹമ്മദിനെ തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ ചന്ദ്രികയോട് പറഞ്ഞു. ഡി.വൈ.എസ്.പിക്ക് കീഴിലുള്ള ടൗണ്‍ ഷാഡോ പൊലീസ് ടീമും മേലാറ്റൂര്‍ പൊലീസും ചേര്‍ന്നാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്. കുട്ടിയെ കണ്ടെത്തുന്നതിനായി കടലുണ്ടി പുഴയില്‍ മഞ്ചേരി പൊലീസും അഗ്നിരക്ഷാ സേനയും തെരച്ചില്‍ നടത്തുകയാണ്..
ഒമ്പതുവയസുകാരനെ പ്രളയസമയത്ത് പുഴയിലെറിഞ്ഞ പിതൃസഹോദരന്‍ അറസ്റ്റില്‍
Tags: crimeKERALA FLOOD