ക്ഷേത്രത്തിനുള്ളില്‍ കോഴിയുടെ അവശിഷ്ടങ്ങള്‍ തള്ളിയ ആള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മഹമൂദ്പൂര്‍ ഗ്രാമത്തിലെ സിദ്ധ ബാബ ക്ഷേത്രത്തിനുള്ളിലാണ് യുവാവ് കോഴിയവശിഷ്ടങ്ങള്‍ എറിഞ്ഞത്. സംഭവത്തില്‍ വീര്‍പാല്‍ ഗുര്‍ജാര്‍ എന്ന യുവാവ് പിടിയിലായി.
സെപ്റ്റംബര്‍ അഞ്ചിന് രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഇയാള്‍ കോഴിയുടെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന് ഇട്ടത്. ക്ഷേത്രം അശുദ്ധമാക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വിശ്വാസികള്‍ തിലമോദ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തടിച്ചുകൂടുകയും ചെയ്തു.
ഇതോടെ ഗാസിയാബാദ് പൊലീസ് സംഘം സ്ഥലത്തെത്തുകയും സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കാമെന്നും പ്രതിയെ പിടികൂടാമെന്നും ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിഷയത്തില്‍, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാന്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തുകയും ചെയ്തു. ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചിട്ടും തന്റെ ആഗ്രഹം സഫലമാകാത്തതിന്റെ നിരാശയാണ് വീര്‍പാലിന്റെ പ്രവൃത്തിക്കു പിന്നിലെന്ന് ഗാസിയാബാദ് ഡിസിപി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ തങ്ങള്‍ ഉടന്‍ നടപടിയെടുക്കുകയും ഗുര്‍ജറിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.