X

കലിയടങ്ങാതെ ബംഗാള്‍ മുഖ്യമന്ത്രി; മോദിയെ മാറ്റണം

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി രാജിവെച്ച് എല്‍.കെ അദ്വാനിയോ, ജെയ്റ്റ്‌ലിയോ, രാജ്‌നാഥ് സിങോ മന്ത്രിസഭക്ക് നേതൃത്വം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മോദിയില്‍ നിന്ന് രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

 

‘ രാഷ്ട്രപതി രാജ്യത്തെ രക്ഷിക്കാനായി ഇടപെടേണ്ട സമയമാണിത്. ആ വ്യക്തിക്ക്(മോദി) രാജ്യത്തെ നയിക്കാനാകില്ല. അദ്ദേഹം രാജിവെക്കണം. രാഷ്ട്രത്തെ രക്ഷിക്കാനായി അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ടതുണ്ട്’ – അവര്‍ വ്യക്തമാക്കി. നോട്ടുനിരോധനം രാജ്യത്ത് ഇടക്കാല സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കുമെന്ന രാഷ്ട്രപതിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം.

 

കേന്ദ്രത്തില്‍ ഇതുപോലെ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അവര്‍ ആസൂത്രണ കമ്മീഷന്‍ പോലുള്ള പരമ്പരാഗത സംവിധാനങ്ങളെ പോലും കേന്ദ്രം തകര്‍ക്കുകയാണെന്ന് കുറ്റപ്പെടുത്തി. ആസൂത്രണ കമ്മീഷന്‍ സര്‍ക്കാറുകളുടെ നട്ടെല്ലായിരുന്നു എന്നും അവര്‍ ഓര്‍മിപ്പിച്ചു. സി.ബി.ഐയെ ഉപയോഗിച്ച് തങ്ങളെ ഭയപ്പെടുത്താമെന്ന് നോക്കേണ്ട.

നോട്ട് നിരോധനത്തിനെതിരെ ദേശീയ തലത്തില്‍ വന്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. മോദി ഇരിക്കുന്ന മരമാണ് മുറിക്കുന്നത്- അവര്‍ പറഞ്ഞു. അതിനിടെ, മമതയുടെ പ്രസ്താവന അപഹാസ്യമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. പ്രധാനമന്ത്രിയെ മാറ്റണമെന്ന് പറയുന്ന അഭിപ്രായം, ഭരണഘടനാപരമായി ശരിയാണോ എന്ന് പാര്‍ട്ടി വക്താവ് ജയ്പ്രകാശ് മജുംദാര്‍ ചോദിച്ചു.

chandrika: