കൊല്‍ക്കത്ത: അധ്യാപക ദിനം വേണ്ട രീതിയില്‍ കൊണ്ടാന്‍ തങ്ങള്‍ക്ക് അറിയാമെന്നും അതിന് കേന്ദ്രത്തിന്റെ നിര്‍ദേശം വേണ്ടെന്നും പശ്ചിമബംഗാള്‍ സര്‍ക്കാര്‍. അധ്യാപകദിനം കൊണ്ടാടുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. ‘ക്ഷമിക്കണം. അവരുടെ കരാറിനൊത്ത് പോകാനാകില്ല. സര്‍ക്കുലര്‍ വിഡ്ഢിത്തമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്‌കൂളുകളില്‍ അധ്യാപക ദിനം എങ്ങനെ ആചരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അറിയില്ലേ എന്നും ചാറ്റര്‍ജി ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഇപ്പോള്‍ തന്നെ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. അത് സാധാരണ ചെയ്യുന്നതാണ്. ഉചിതമായ രീതിയില്‍ അധ്യാപക ദിനം ആഘോഷിക്കാന്‍ അറിയാം. വര്‍ഷങ്ങളായി അതു ചെയ്തുവരുന്നതുമാണ്. ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണനെപ്പോലുള്ള വ്യക്തിത്വങ്ങളെ ആദരിക്കാന്‍ സംസ്ഥാനത്തിന് വേണ്ട പോലെ അറിയാം- അദ്ദേഹം വ്യക്തമാക്കി.
അധ്യാപക ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാനവവിഭവശേഷി സെക്രട്ടറി അനില്‍ സ്വരൂപാണ് മന്ത്രാലയം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നത്. സ്വാച്ഛ് ഭാരത് മിഷന്റെ പ്രാധാന്യത്തെ കുറിച്ച് ലേഖന മത്സരം, ചിത്രരചനാ മത്സരം തുടങ്ങിയ സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിക്കുന്നു എന്നായിരുന്നു സര്‍ക്കുലര്‍. സെപ്തംബര്‍ അഞ്ചിലെ അധ്യാപക ദിനത്തില്‍ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പെയിന്റിങ് മത്സരം സംഘടിപ്പിക്കേണ്ടത്. ആറു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ഒമ്പത്, പത്ത് ക്ലാസിലെ കുട്ടികള്‍ക്കും പ്രത്യേകമായി ലേഖന മത്സരം നടത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ‘ഇന്ത്യയെ ശുചിയാക്കാന്‍ എനിക്കെന്ത് ചെയ്യാനാകും’ എന്നതാണ് ലേഖനത്തിന്റെ വിഷയം. ‘ ശുചിത്വ ഇന്ത്യ എന്റെ സ്വപ്‌നം’ എന്നതാണ് പെയിന്റിങിനായി നല്‍കേണ്ട വിഷയം. ഓഗസ്റ്റ് 16നാണ് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും മാനവവിഭവ ശേഷി മന്ത്രാലയം സര്‍ക്കുലര്‍ അയച്ചത്.